Press Club Vartha

ഡോ. ഹാരിസിനെതിരായ ആരോഗ്യ വകുപ്പിന്റെ നീക്കം: പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വകുപ്പ് മേധാവി ഡോ ഹാരിസ് ചിറക്കലിനു പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). ചികിത്സാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഡോ ഹാരിസ് ചിറക്കൽ നടത്തിയ വെളിപ്പെടുത്തലുകളുടെ പേരിൽ അദ്ദേഹത്തിനെതിരെ പ്രതികാര നടപടികൾ സ്വീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഐഎംഎ പറഞ്ഞു.

പ്രതികാര നടപടി നിസ്വാർത്ഥമായി ജന സേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്ന് ഐഎംഎ അറിയിച്ചു. ‘സിസ്റ്റം തകരാറാണ്’ യഥാർത്ഥ പ്രശ്നമെന്നും ആരോഗ്യ മന്ത്രി തന്നെ മുൻപ് സമ്മതിച്ചതാണ്. എന്നിട്ടും സ്വന്തം വകുപ്പിലെ ‘സിസ്റ്റം തകരാറുകൾ’ പരിഹരിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ ഹാരിസിനെ പോലൊരു ജനകീയ ഡോക്ടർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാൻ കോപ്പ് കൂട്ടുന്നത് മെഡിക്കൽ കോളേജുകളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികളോടുള്ള യുദ്ധപ്രഖ്യാപനമായേ കരുതാനാവൂ എന്ന് ഐഎംഎ പറഞ്ഞു.

മെഡിക്കൽ കോളജുകൾ നേരിടുന്ന വെല്ലുവിളികൾ പഠിച്ച് പരിഹരിക്കാൻ പ്രത്യേക വിദഗ്ഗ സമിതിയെ നിയോഗിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ഉപകരണം എത്തിക്കുന്നതിൽ കാലതാമസം ഉണ്ടായെന്ന് സമ്മതിച്ച് വിദഗ്ദ സമിതിയും. ഡിസംബറിൽ ഡോ ഹാരിസ് ചിറയ്ക്കൽ ഉപകരണത്തിനായി നൽകിയ അപേക്ഷയിൽ അഡ്മിനിസ്ട്രേറ്റീവ് അനുമതി കിട്ടിയത് 6-ആം മാസമാണെന്നും സമിതി റിപ്പോർട്ടിൽ ഉണ്ട്.

Share This Post
Exit mobile version