
തിരുവനന്തപുരം: ഫിലിം കോൺക്ലേവ് സമാപന ചടങ്ങിലെ വിവാദ പരാമർശത്തിൽ സംവിധായകനായ അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി. ആക്ടിവിസ്റ്റ് ദിനു വെയിലാണ് പരാതി നൽകിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ്‌സി/എസ്ടി കമ്മീഷനിലുമാണ് ദിനു പരാതി നൽകിയത്.
അടൂര്‍ തന്റെ പ്രസ്താവനയിലൂടെ എസ്‌സി/എസ്ടി വിഭാഗത്തിലെ മുഴുവന്‍ അംഗങ്ങളെയും കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്ന് ദിനു തന്റെ പരാതിയില്‍ പറയുന്നു.പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം.
കൂടാതെ സ്ത്രീകൾക്കും ദളിതർക്കും സിനിമയെടുക്കാൻ ഇത്രയധികം പണം നൽകരുതെന്നും അദ്ദേഹം പറഞ്ഞു. എസ്‌സി/എസ്ടി വിഭാഗത്തില്‍ നിന്നുള്ളവര്‍ സര്‍ക്കാര്‍ പദ്ധതികളില്‍ നല്‍കുന്ന പണം എടുത്തുകൊണ്ടുപോക എന്ന നിലയില്‍ ‘ടേക്ക് ദ മണി ആന്‍ഡ് റണ്‍’ എന്ന രീതിയില്‍ ചിത്രീകരിക്കുന്നത് എസ്‌സി/എസ്ടി സമൂഹത്തെ വഞ്ചന/ദുര്‍വൃത്തി/അഴിമതി എന്നിവയോട് ബന്ധിപ്പിക്കുന്നുവെന്ന് ദിനു പറയുന്നു.
