
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ കുറ്റം സമ്മതിച്ചു. തെളിവെടുപ്പിനിടെ ‘ഓ ബൈ ഓസി’യിലെ മുൻ ജീവനക്കാരികൾ തട്ടിപ്പ് രീതി ക്രൈംബ്രാഞ്ചിനോട് വിവരിച്ചു.
മെഷീന്‍ ഉപയോഗിച്ചുള്ള ക്യൂ ആര്‍ കോഡില്‍ കൃത്രിമം കാണിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇവര്‍ വ്യക്തമാക്കിയത്.അട്ടകുളങ്ങര വനിതാ ജയിലിൽ റിമാൻഡിൽ ആയിരുന്ന രണ്ട് പ്രതികളെ കഴിഞ്ഞ ദിവസമാണ് തെളിവെടുപ്പിനായി അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയത്.
40 ലക്ഷത്തിൻ്റെ തട്ടിപ്പാണ് ഇതേവരെ കണ്ടെത്തിയത്. ആഭരണങ്ങളുടെ വില നിശ്ചയിക്കുന്നത് ദിയയാണെന്നും കസ്റ്റമര്‍ സെലക്ട് ചെയ്യുന്ന ആഭരണത്തിന്റെ ചിത്രം ദിയയ്ക്ക് അയക്കുമ്പോള്‍ വില നിശ്ചയിച്ച് ദിയ മറുപടി നല്‍കുമെന്നും ജീവനക്കാരികൾ പറയുന്നു. യഥാര്‍ത്ഥ വില അറിയുന്നതിനുള്ള ബാര്‍കോഡ് ബില്ലില്‍ ഉള്‍പ്പെടുത്തില്ലെന്നും ഇവര്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. സ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന ബില്ലില്‍ കസ്റ്റമറുടെ പേരും ഫോണ്‍ നമ്പറും വയ്ക്കാറില്ല.
തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്കൂട്ടറും സ്വർണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതിനായുള്ള നടപടികൾ തുടങ്ങി. കേസിലെ മൂന്ന് പ്രതികളില്‍ വിനീത, രാധാകുമാരി എന്നിവരാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്.
