Press Club Vartha

തിരുവനന്തപുരത്ത് വീട് കയറി ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് കയറി ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. മുക്കംപാലമൂട് മൂങ്ങോടാണ് സംഭവം. മൂങ്ങോട് സ്വദേശി ശൈലേഷിന്‍റെ പൂട്ടിയിട്ടിരുന്ന വീടിന്‍റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർത്ത കേസിലെ പ്രധാന പ്രതിയാണ് പോലീസിന്റെ പിടിയിലായത്.

വിളപ്പിൽശാല കാവിൻപുറം സ്വദേശി ആൽബിനെയാണ് (32) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചോളം പേരടങ്ങിയ സംഘം വീട്ടിൽ അതിക്രമിച്ചെത്തി അക്രമം നടത്തിയെന്നായിരുന്നു പരാതിയിൽ പറഞ്ഞത്.

ഇവർ കെഎസ്ഇബി മീറ്റർ ബോർഡ് തകർത്ത് ഫ്യൂസ് ഊരി മാറ്റുകയും വീടിന് മുന്നിലെ ബുദ്ധ പ്രതിമയുടെ കഴുത്ത് വെട്ടി തകർക്കുകയും ചെയ്തു. കൂടാതെ പ്രതികളെ തിരിച്ചറിയാതിരിക്കാനായി സിസിടിവി ക്യാമറകളടക്കം ഇവർ നശിപ്പിക്കുകയും ചെയ്തിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ സിസിടിവി ദൃശ്യത്തിൽ നിന്നും അക്രമികളിൽ രണ്ടുപേരുടെ ദൃശ്യം ലഭിച്ചിരുന്നു. ഇത് നിരീക്ഷിച്ചാണ് പൊലീസ് പ്രധാന പ്രതിയെ കുടുക്കിയത്.

Share This Post
Exit mobile version