
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ യുവാക്കള്‍ക്കുനേരെ കാറിടിച്ച് കയറ്റാൻ ശ്രമിച്ചതായി പരാതി. യുവാക്കള്‍ക്കുനേരെ കാറിടിച്ച് കയറ്റുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വാക്കുതർക്കത്തെ തുടർന്നാണ് യുവാക്കളെ കാറിടിച്ച് കയറ്റാൻ ശ്രമിച്ചത്.
ഇന്നലെ രാത്രി പത്തരോടെയാണ് സംഭവം നടന്നത്. വീടിന് മുന്നിൽ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. വീടിന് മുന്നിൽ കാര്‍ പാര്‍ക്ക് ചെയ്തത് വീട്ടുടമസ്ഥനായ വിനോദ് കുമാര്‍ ചോദ്യം ചെയ്തിരുന്നു.
റോഡരികിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ രണ്ടു കാറുകളിലായി എത്തിയ സംഘമാണ് വിനോദിന്റെ വീടിനു മുന്നിൽ വാഹനം പാർക്ക് ചെയ്തത്. ഇത് ഇവിടെ നിന്ന് മാറ്റണമെന്ന് വിനോദ് യുവാക്കളോട് ആവശ്യപ്പെട്ടു. എന്നാൽ ഇവർ ഇതിനു വിസമ്മതിച്ചു.
ഇത് പിന്നീട് തർക്കത്തിലേക്ക് മാറി. തര്‍ക്കം കണ്ട് വിനോദിന്‍റെ പരിചയക്കാരായ രണ്ടു യുവാക്കളും ഇവരോട് തർക്കിക്കാൻ തുടങ്ങി. ഇതിനിടെയാണ് വിനോദിന്‍റെ ഒപ്പമുണ്ടായിരുന്ന രണ്ടു യുവാക്കള്‍ക്കുനേരെ കാറിടിച്ച് കയറ്റാൻ ശ്രമിച്ചത്.
കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് വേഗത്തിൽ വന്ന് യുവാക്കളെ ഇടിക്കുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. സംഭവത്തിൽ വിനോദ് കുമാറിന്‍റെ സുഹൃത്തുക്കളായ ആനന്ദ്, ഷാനവാസ് എന്നിവര്‍ക്ക് പരിക്കേറ്റു.
