
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുകയാണ്. ഇതിനു പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ തദ്ദേശ വകുപ്പുകൾ. ആരോഗ്യവകുപ്പ് സംസ്ഥാനത്തെ നീന്തൽ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്.
വിവിധ ഇടങ്ങളിലെ നീന്തൽ കുളങ്ങളും കിണറുകളും പൊതു കുളങ്ങളും തോടുകളും അടക്കം വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി. പൊതു, സ്വകാര്യ മേഖലകളിലുള്ള എല്ലാ നീന്തൽ കുളങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.
പൊതുജനാരോഗ്യ നിയപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചാൽ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. നീന്തൽ കുളങ്ങളിലെ ജലം എല്ലാ ദിവസവും ക്ലോറിനേറ്റ് ചെയ്യണം. ഒരു ലിറ്ററിന് ചുരുങ്ങിയത് ദശാംശം അഞ്ച് മില്ലി ഗ്രാം എന്ന തരത്തിൽ ക്ലോറിന്‍റെ അളവ് നിലനിര്‍ത്തണം. ഓരോ ദിവസവും ഇക്കാര്യം നിര്‍ദ്ദിഷ്ട രജിസ്റ്ററിൽ രേഖപ്പെടുത്തണം.
പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ ആവശ്യപ്പെടുമ്പോള്‍ ഈ രജിസ്റ്റര് ഹാജരാക്കണം. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തൽ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെ ചുമതലക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അതാത് പ്രദേശങ്ങ ളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര് പരിശോധിച്ച് ആഴ്ച തോറും സംസ്ഥാന സര്‍വെയലന്‍സ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം പ്രൊസിക്യുഷൻ നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
