
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അന്യായമായ തടവിൽ വെച്ച ബിന്ദു. ഒരു കോടി രൂപയാണ് ബിന്ദു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
മനുഷ്യാവകാശ കമ്മീഷന് രേഖാമൂലം നൽകിയ പരാതിയിലാണ് ബിന്ദു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നഷ്ടപരിഹാരതോടൊപ്പം സർക്കാർ ജോലി നൽകണമെന്നും പരാതിയിൽ പറയുന്നു. പേരൂര്‍ക്കട പൊലീസ് കെട്ടിച്ചമച്ച മാല മോഷണക്കേസില്‍ താനും കുടുംബവും കടുത്ത മാനസിക പീഡനം അനുഭവിച്ചു. തനിക്കും ഭര്‍ത്താവിനും ഉപജീവന മാര്‍ഗം നഷ്ടപ്പെടുകയും മക്കളുടെ വിദ്യാഭ്യാസം തടസപ്പെടുകയും ചെയ്‌തെന്നും ബിന്ദു പറയുന്നു.
തിങ്കളാഴ്ച കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സർക്കാരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. അതേസമയം, എംജിഎം പൊൻമുടി വാലി പബ്ലിക് സ്കൂളില്‍ ബിന്ദു പ്യൂണായി ജോലിയിൽ പ്രവേശിച്ചു. സ്കൂൾ മാനേജ്മെന്റ് ബിന്ദുവിന് ജോലി നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
