
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബി രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. റോഡ് അറ്റകുറ്റപ്പണിക്കായി കമ്മീഷന്‍ വാങ്ങിയ സംഭവത്തിലാണ് മുട്ടത്തറ കൗണ്‍സിലര്‍ ബി രാജേന്ദ്രനെ സിപിഐഎം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.
ബി.രാജേന്ദ്രനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് തെളിവുകള്‍ സഹിതമാണ് പുറത്ത് വന്നത്. ഈ പശ്ചാത്തലത്തില്‍ കൗണ്‍സിലറോട് രാജി ആവശ്യപ്പെടാനും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാനും തീരുമാനിച്ചതായി പാര്‍ട്ടി ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എല്‍.എ അറിയിച്ചു.
സിപിഐഎമ്മിനെ സംബന്ധിച്ച് ഒരു കാലത്തും അഴിമതി നടത്തുന്നവരെയോ ഇത്തരം മോശപ്പെട്ട പ്രവര്‍ത്തനം നടത്തുന്നവരെയോ അംഗീകരിക്കുകയോ സഹായിക്കുകയോ ചെയ്യുന്ന സമീപനം സ്വീകരിച്ചിട്ടില്ലെന്നും ഇവിടെയും കര്‍ക്കശമായ നിലപാട് സ്വീകരിക്കുന്നുവെന്നുമാണ് വി ജോയ് പറഞ്ഞത്.
