Press Club Vartha

ഉള്ളൂർ സ്വദേശിയായ ഡോക്ടറിൽ നിന്നും മൂന്നര കോടി രൂപ തട്ടിയെടുത്തു; വ്യാജ ട്രേഡിങ് ആപ്പിലൂടെ പണം തട്ടിയ ആൾ പിടിയിൽ

തിരുവനന്തപുരം: മൂന്നര കോടിയുടെ സൈബര്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. വ്യാജ ആപ്പ് നിർമിച്ചും സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലൂടെയും ആളുകളെ സ്വാധീനിച്ചുമാണ് സംഘം വൻ തുക തട്ടിയെടുത്തത്. അപഹരിച്ച തുകയിലെ ഒരുകോടി ഇരുപതുലക്ഷം രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വീണ്ടെടുക്കുകയും ചെയ്തു.

ബെംഗളൂരു സ്വദേശി ധനുഷ് നാരായണസ്വാമിയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്ന് അമിതലാഭം വാഗ്ദാനം ചെയ്താണ് നിക്ഷേപ തട്ടിപ്പിലൂടെ മൂന്നു കോടി 43 ലക്ഷത്തോളം രൂപ ഈ സംഘം തട്ടിയെടുത്തത്.

പണം ക്രിപ്‌റ്റോകറന്‍സി ആക്കി വിദേശത്തേക്ക് കടത്തുന്നതാണ് സംഘത്തിന്റെ രീതി. സെപ്റ്റംബര്‍ 29ന് ബാംഗ്ലൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. വ്യാജ ട്രേഡിങ് ആപ്പുകൾ നിർമിച്ചും സമൂഹ്യ മാധ്യമങ്ങളിലെ ഗ്രൂപ്പുകൾ വഴിയും ഓണ്‍ലൈന്‍ നിക്ഷേപത്തിലേക്ക് ഇരയുടെ വിശ്വാസം നേടിയെടുത്ത് തട്ടിപ്പുകാര്‍ പലപ്പോഴായി പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.

പൊലീസ് അന്വേഷണത്തില്‍ പ്രതികള്‍ ഇരയുമായി വാട്സാപ്പ്, ടെലഗ്രാം മുതലായ സമൂഹമധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നെന്നും നിക്ഷേപം നടത്താനായി നിര്‍ബന്ധിച്ചിരുന്നതും വ്യക്തമായി. പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബെംഗളുരുവിലെ ഒരു വ്യാജ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കപ്പെടുന്നതെന്ന് മനസിലായി.

Share This Post
Exit mobile version