
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മാവനെ മരുമകൻ തല്ലിക്കൊന്നു. തിരുവനന്തപുരം മണ്ണന്തല അമ്പഴംകോടാണ് സംഭവം. പുത്തന്‍വീട്ടില്‍ സുധാകരന്‍ (80) ആണ് മരിച്ചത്. ഇയാളുടെ മരുമകൻ രാജേഷാണ് പ്രതി.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം. നിരവധി കേസുകളിൽ പ്രതിയായ രാജേഷിനെ പൊലീസ് പിടികൂടി. മദ്യലഹരിയിലായിരുന്ന രാജേഷ് അമ്മാവൻ സുധാകരനുമായി വാക്കുതർക്കമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഇയാള്‍ നേരത്തെ അടിപിടി, പടക്കം ഏറ് തുടങ്ങിയ നിരവധി കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ്. സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തുന്ന രാജേഷ് അമ്മാവനെ മർദിക്കുന്നത് പതിവായിരുന്നു. കൊല്ലപ്പെട്ട സുധാകരൻ്റെ സഹോദരി വിനോദിനി അഞ്ചുദിവസം മുൻപ് മരിച്ചിരുന്നു. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ ദിവസമാണ് നടന്നത്.
