
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കന്യാകുമാരിയിലേക്ക് കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 15 ലക്ഷം രൂപ വിലയുള്ള നിരോധിത ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. സംഭവത്തിൽ നാല് പേരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു.
നാഗർകോവിൽ സ്വദേശി അരുൾ ജീവൻ (38), പാറശാല സ്വദേശി സുനിൽ (51), തിരുവനന്തപുരം സ്വദേശി വിനോദ് കുമാർ (41), ബീമാപ്പള്ളി സ്വദേശി നവാസ് (36) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം നാഗർകോവിലിൽ വച്ചാണ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.
301 കിലോ ഗുഡ്കയോടൊപ്പം രണ്ട് കാറുകൾ, ആറ് മൊബൈൽ ഫോണുകൾ എന്നിവയും ഇവരിൽ നിന്നും പിടിച്ചെടുത്തു. തിരുവനന്തപുരം ബീമാപ്പള്ളിയിൽ നിന്നാണ് ഇവർ സാധനങ്ങൾ കടത്തിയത്. കന്യാകുമാരി ജില്ലയിലെ കടകളിലേയ്‌ക്കാണ് ഇവർ സാധനങ്ങൾ എത്തിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
