
തിരുവനന്തപുരം: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ഓട്ടോയ്ക്കുള്ളിൽ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 37കാരന് 18 വര്‍ഷം തടവും പിഴയുമാണ് കോടതി വിധിച്ചത്. ഷമീർ എന്ന ബോംബെ ഷമീറിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ സ്‌പെഷ്യൽ കോടതി കഠിന തടവിനും തൊണ്ണൂറായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
ജഡ്ജ് അഞ്ചു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. കുട്ടിക്ക് പിഴ തുകയും സർക്കാർ നഷ്ട പരിഹാരവും നല്കണമെന്ന് വിധിയിൽ പറയുന്നു. 2023 ലെ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കുട്ടിയുടെ ചേച്ചി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയതിനാൽ സഹായിക്കാൻ വന്നതായിരുന്നു കുട്ടി.
രാത്രിയിൽ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ കുട്ടിയുടെ ഫോൺ പിടിച്ചുവാങ്ങിയ പ്രതി ഫോൺ നമ്പർ കരസ്ഥമാക്കി. പിന്നീട് ഓട്ടോയിൽ പിടിച്ചുകയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചപ്പോൾ അത് വഴി ബൈക്കിൽ വന്ന രണ്ട് പേർ ഇത് കാണുകയും ബൈക്ക് നിർത്തിയപ്പോൾ പ്രതി ഓട്ടോ എടുത്ത് കുട്ടിയുമായി കടന്നുകളയുകയും ചെയ്യുകയായിരുന്നു.
തുടർന്ന് ഇയാൾ കുട്ടിയെ തമ്പാനൂരിൽ ഇറക്കിവിട്ട് ഓട്ടോയിൽ രക്ഷപ്പെടുകയായിരുന്നു. റോഡിൽ നിന്ന് കുട്ടി പൊട്ടികരയവേ ബൈക്കിൽ പിന്തുടർന്നയാൾ കാര്യം ചോദിക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.
