
തിരുവനന്തപുരം: ഇന്ന് നവംബർ ഒന്ന്. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം രൂപീകൃതമായിട്ട് 69 വർഷം തികഞ്ഞിരിക്കുകയാണ്. കേരള പിറവി ആശംസകൾ നേർന്നുകൊണ്ട് മലയാളികളെല്ലാം ആഘോഷങ്ങൾ ആരംഭിച്ചു. ഓഫീസുകളിലും വിദ്യാഭാസ സ്ഥാപനങ്ങളിലുമെല്ലാം വിവിധ പരിപാടികളാണ് കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.
മലയാളികളെല്ലാം ഇന്നേ ദിവസം മലയാള തനിമ വിളിച്ചോതുന്ന വസ്ത്രങ്ങളാണ് ധരിക്കുക. നമ്മുടെ ഭാഷയുടെയും സംസ്കാരത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി ഈ ദിനം മാറിയിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മലയാളികൾ ഇന്ന് കേരളപ്പിറവി ദിനം കൊണ്ടാടുന്നു.
1956 നവംബർ ഒന്നിനാണ് നാട്ടുരാജ്യങ്ങൾ ഒത്തുചേർന്ന് കേരളം രൂപീകരിക്കുന്നത്. തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ പ്രദേശങ്ങളും ചേർന്നാണ് ഐക്യകേരളം എന്ന സ്വപ്നം പൂവണിഞ്ഞത്.
കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തിൽ വെറും 5 ജില്ലകൾ മാത്രമേ ഉണ്ടായിരുന്നൊള്ളു.എന്നിരുന്നാലും വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം.
