Press Club Vartha

വർക്കല ട്രെയിൻ അതിക്രമം; പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. ശ്രീക്കുട്ടിയെ നട്ടെല്ലിന് ചവിട്ടി തള്ളിയിട്ട ട്രെയിനിന്റെ ബോഗിയിലും, പരുക്കേറ്റ് കിടന്ന അയന്തി പാലത്തിലും എത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. ഇതിനായി റെയിൽവേ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.

അതേസമയം 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ഗുരുതര നിലയിൽ നിന്ന് മാറ്റമുണ്ടെന്നും 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ ആകില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍ അറിയിച്ചു.

തലച്ചോറിനാണ് പരിക്കേറ്റിരിക്കുന്നത്. തലച്ചോറിൽ ചതവ് ഉണ്ടെന്ന് കണ്ടെത്തി. സർജിക്കൽ ഐസിയുവിലാണ് പെണ്‍കുട്ടി ഇപ്പോൾ ഉള്ളത്. വെന്റിലേറ്ററിന്‍റെ സഹായം ഇപ്പോഴും നൽകുന്നുണ്ടെന്നും ഡോ. ജയചന്ദ്രന്‍ പ്രതികരിച്ചു. പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സംഘമാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്.

Share This Post
Exit mobile version