
തിരുവനന്തപുരം: ബിജെപിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടാവുന്നത് ഗുരുതരമായ സാഹചര്യമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. ഒരു രാഷ്ട്രീയ പാർട്ടിയിലും ഉണ്ടാകാത്ത തരത്തിലുള്ള അതീവ ഗുരുതര സംഭവങ്ങൾ ആണ് ബിജെപിയുടെ ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തിരുമല അനിലിന്റെ മരണം നേതാക്കളുടെ കണ്ണ് തുറപ്പിച്ചില്ല. അനിലിന്റെ കുടുംബം അതീവ സമ്മര്‍ദ്ദത്തിലാണ്. ആരെങ്കിലും മരിച്ചാൽ അവരോട് ഒരു ദയയോ സ്നേഹമോ കാണിക്കാൻ ബിജെപി തയ്യാറാകുന്നില്ല. ആട്ടി ചവിട്ടി പുറത്താക്കുന്ന മനോഭാവമാണ് ബിജെപിക്കുള്ളത്.
അനിലിനെ ബിജെപി നിർദാക്ഷണ്യം തള്ളിക്കളഞ്ഞു. വല്ലാത്ത വിഷമത്തിലാണ് അനിലിൻ്റെ കുടുംബമെന്നും അവർ പ്രതികരിക്കുന്നില്ല എന്നേ ഉള്ളു. വീട്ടുകാർക്ക് പരാതിയുണ്ട്. അതുപോലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ആനന്ദ് തീരുമാനിച്ചതിന് ശേഷം ബിജെപി നേതാക്കള്‍ സമ്മര്‍ദം ഉണ്ടാക്കി.
ആർഎസ്എസ് ബിജെപിയുടെ ഭാഗത്തുനിന്നും വലിയ സമ്മർദ്ദമാണ് ആനന്ദന് ഉണ്ടായത്. അതുകൊണ്ടാണ് മൃതശരീരം ഒരു ആർഎസ്എസുകാരനെയും കാണിക്കരുത് എന്ന് ആനന്ദ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയത്.
ആനന്ദിന്റെ മരണത്തില്‍ എസ്‌ഐടി രൂപീകരിച്ച് അന്വേഷിക്കണം. കാര്യക്ഷമമായ അന്വേഷണം നടക്കണം. ഇതിനോടകം നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ആനന്ദ് കെ തമ്പിയുടെ മരണത്തിൽ പൊലീസ് അതിവേഗം അന്വേഷണം നടത്തുന്നുണ്ട്. പ്രകൃതിവിരുദ്ധ രീതികൾ അവലംബിക്കുന്ന പ്രസ്ഥാനം വേറെയില്ലെന്നാണ് എന്നതാണ് അനന്തു അജിയുടെ ഫേസ്ബുക്ക് കുറിപ്പിൽ നിന്നും വ്യക്തമാക്കുന്നത്.
