
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴു മണിക്ക് തന്നെ പോളിങ് ആരംഭിച്ചു.
വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.1,53,37,176 കോടി വോട്ടര്‍മാരാണ് ഏഴ് ജില്ലകളില്‍ വിധിയെഴുതുന്നത്. ഇതില്‍ 80.92 ലക്ഷം പേര്‍ സ്ത്രീകളും 72.47 ലക്ഷം പേര്‍ പുരുഷന്മാരുമാണ്. മിക്ക ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
ആദ്യ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോൾ പോളിംഗ് പത്ത് ശതമാനത്തോളമെത്തി. പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്. അതേസമയം വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായത് പോളിംഗിനെ കാര്യമായി ബാധിച്ചു. പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് തുടർന്നെങ്കിലും ചിലയിടങ്ങളിൽ വോട്ടർമാർ ഏറെ നേരം കാത്തുനിൽക്കേണ്ടിവന്നു.
