
തിരുവനന്തപുരം: കഴക്കൂട്ടത്തെ നാലുവയസുകാരന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുളള കുട്ടിയുടെ അമ്മയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര സ്വദേശി തന്‍ബീര്‍ ആലയാണ് കുറ്റം സമ്മതിച്ചത്. ഇതോടെ കേസിൽ തൻബീർ ആലത്തിൻ്റെ അറസ്റ്റ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തി.
അമ്മയോടുളള വൈരാഗ്യം മൂലമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. കഴിഞ്ഞ ദിവസം രാത്രി കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് തന്‍ബീറിനെ പിടികൂടിയത്. കുട്ടിയുടെ അമ്മയുമായുള്ള തർക്കത്തിനൊടുവിൽ തൻബീർ ആലം മുറിയിലുണ്ടായിരുന്ന ടൗവൽ ഉപയോഗിച്ച് കുട്ടിയുടെ കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്.
കഴുത്തിലെ എല്ല് പൊട്ടിയാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാനായി അമ്മ ഇറങ്ങിയെങ്കിലും തന്‍ബീര്‍ ആലം അനുവദിച്ചില്ല. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തുടർന്ന് ലോഡ്ജിന് താഴെയുള്ള കടക്കാരാണ് ബഹളം ഉണ്ടാക്കി ഇയാളെയും കൂടി നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത്. ഡിസംബര്‍ 28-നാണ് ബംഗാള്‍ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
