
തിരുവനന്തപുരം: ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കൊള്ളയടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കട്ടിളയുടെ മുകൾപ്പടി ചെമ്പ് പാളിയിലും, കട്ടിളക്ക് മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും, വ്യാളി രൂപവുമടങ്ങുന്ന പ്രഭാ മണ്ഡലത്തിലുമുള്ള സ്വർണം കവർന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത‍്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്. കേസിലെ ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെന്നും എസ്‌ഐടി കണ്ടെത്തി.
സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി പണിക്കൂലിയായി സ്വർണമെടുത്തിരുന്നു. ഇത് എസ്ഐടിക്കു മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. പ്രതികള്‍ ഹാജരാക്കിയ സ്വര്‍ണത്തേക്കള്‍ കൂടുതൽ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെന്നും അധിക സ്വര്‍ണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും എസ്ഐടി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്.
