
തിരുവനന്തപുരം: തിരുവനന്തപുരത്തെ വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ആറ്റുകാൽ വാർഡ് 73 കല്ലടി മുഖത്ത് നഗരസഭയുടെ സായാഹ്നം വൃദ്ധസദനത്തിലാണ് അപകടം നടന്നത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
കിച്ചനിൽ ഗ്യാസ് സിലിണ്ടർ ലീക്കായിട്ടാണ് അപകടം സംഭവിച്ചത്. ഗ്യാസ് സിലിണ്ടർ മാറ്റിവെക്കുന്നതിനിടയിൽ സിലിണ്ടറിൽ നിന്ന് ചോർച്ച ഉണ്ടായി തീ പടരുകയായിരുന്നു.അപകടത്തിൽ ജീവനക്കാരായ മായ (39), രാജീവ് (30) എന്നിവർക്ക് പരിക്കേറ്റു.
മായയുടെ അര താഴ്ഭാഗം തീപിടിക്കുകയും 18% പൊള്ളൽ ഏൽക്കുകയും രാജീവിന്റെ കൈയ്ക്കും കാലിനും 10% പൊള്ളൽ ഏൽക്കുകയും ചെയ്തു. ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. വൃദ്ധസദനത്തിൽ 41 അന്തേവാസികളാണ് ഉണ്ടായിരുന്നത്. അപകടം നടന്ന ഉടൻ തന്നെ 70 വയസ്സിന് മുകളിൽ പ്രായമുള്ള 41 അന്തേവാസികളെയും സുരക്ഷിതമായി പുറത്തിറക്കി. അതിനാൽ വൻ അപകടം ഒഴിവായി.
