
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളം യെദുക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു 17വിദ്യാർത്ഥികൾക്ക് പരിക്ക്. തൃശൂർ കൊടകര സഹൃദയ കോളെജിൽ നിന്നും വിഴിഞ്ഞം തുറമുഖത്തേക്ക് പഠനയാത്രയ്ക്ക് പുറപ്പെട്ട എംബിഎ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അഞ്ച് പേരുടെ നില ഗുരുതരം.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളും അധ്യാപകരും അടക്കം 42 അംഗ സംഘമാണ് ബസ്സിലുണ്ടായിരുന്നത്. ദേശീയപാതയിൽ ബൈപ്പാസിന്റെ പണി നടക്കുന്നതിനാൽ സർവീസ് റോഡ് വഴി വന്ന ബസിൻ്റെ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞു ബസ് ചരിഞ്ഞാണ് അപകടമുണ്ടായത്.
ഇന്ന് പുലർച്ചെ 3.30 നാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയാണ്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് ബസിനുള്ളില്‍ കുടുങ്ങിയ പല വിദ്യാര്‍ഥികളേയും പുറത്തെടുത്തത്.
