Press Club Vartha

തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന് ആരോപണം. ആശുപത്രിയുടെ പ്രവേശന കവാടം പൂട്ടി ജീവനക്കാർ ഉറങ്ങിയതിനാലാണ് ചികിത്സ വൈകിയതെന്നും ഇതിനാലാണ് യുവാവ് മരിച്ചതെന്നുമാണ് ആരോപണം.

തിരുവനന്തപുരം വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെയാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചത്. വിളപ്പില്‍ശാല സ്വദേശി ബിസ്മീറാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. കഴിഞ്ഞ 19 നാണ് ശ്വാസ തടസ്സത്തെ തുടർന്ന് ബിൻസറിനെ വിളപ്പിൽശാല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നത്.

ശ്വാസതടസവുമായി പുലര്‍ച്ചെ ഒരു മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്നാണ് ആരോപണം. ആശുപത്രി അധികൃതർ ഓക്സിജൻ, നെബുലൈസേഷൻ സിപിആർ തുടങ്ങിയ പ്രാഥമിക ചികിത്സകൾ നൽകിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോളേക്കും ബിസ്മീര്‍ മരിച്ചു.

എന്നാൽ പ്രാഥമിക ചികിത്സകൾ നൽകി എന്നും തെരുവുനായ ശല്യം കാരണമാണ് ഗേറ്റ് അടച്ചിട്ടതെന്നും ആണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ മതിയായ ചികിത്സ നല്‍കിയില്ലെന്നും കുടുംബം ആരോപിച്ചു. ഡ്യൂട്ടി ഡോക്ടറും നേഴ്‌സും ആശുപത്രിയിലുണ്ടായിരുന്നെന്നും രോഗിയുമായി ചെല്ലുമ്പോള്‍ ഇരുവരും ഉറക്കത്തിലായിരുന്നുവെന്നും ബിസ്മീറിന്റെ ബന്ധു പറഞ്ഞു. ആംബുലൻസിൽ പോലും ആവശ്യത്തിനുള്ള ചികിത്സാ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്ന് ബന്ധു ആരോപിച്ചു.

Share This Post
Exit mobile version