
തിരുവനന്തപുരം: 2024-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും. മമ്മൂട്ടി, ഷംല ഹംസ, ആസിഫ് അലി, വേടൻ, ടൊവിനോ തോമസ്, ലിജോമോള്‍ ജോസ്, ജ്യോതിര്‍മയി, സൗബിന്‍ ഷാഹിര്‍, സിദ്ധാര്‍ഥ് ഭരതന്‍ തുടങ്ങി 51 ഓളം ചലച്ചിത്ര പ്രതിഭകൾക്കാണ് മുഖ്യമന്ത്രി പുരസ്കാരങ്ങൾ സമർപ്പിക്കുന്നത്.
കൂടാതെ കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയൽ പുരസ്കാരം നടി ശാരദ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങും. ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ ഡോക്ടർ റസൂൽ പൂക്കുട്ടി, ചലച്ചിത്ര വിഭാഗം ജൂറി റിപ്പോർട്ട് ജൂറി ചെയർപേഴ്സണും നടനുമായ പ്രകാശ് രാജ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
കൂടാതെ ചലച്ചിത്ര അവാർഡുകളുടെ സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ പുസ്തകം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്യും. പുരസ്കാര സമർപ്പണത്തിന് ശേഷം മികച്ച പിന്നണി ഗായകർക്കുള്ള അവാർഡ് ജേതാക്കളായ കെ.എസ്. ഹരിശങ്കർ, സെബ ടോമി എന്നിവർ നയിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും. വൈകിട്ട് 6:30-നാണ് അവാർഡ് വിതരണ ചടങ്ങുകൾ ആരംഭിക്കുന്നത്.
