
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുംബവഴക്കിനിടെ യുവതി ജീവനൊടുക്കി. കേശവപുരത്താണ് സംഭവം. നഗരൂര്‍ കേശവപുരം സ്വദേശിനി മഞ്ചിമ (23) ആണ് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഭർത്താവ് വിനോദുമായി പിണങ്ങി മഞ്ചിമ സ്വന്തം വീട്ടിലായിരുന്നു താമസം. തുടർന്ന് ഇന്നലെ മഞ്ചിമ വിനോദിന്റെ വീട്ടിലെത്തിയിരുന്നു. വിനോദ് മഞ്ചിമയെ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രിയും വിനോദ് മഞ്ചിമയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു.
തുടർന്ന് വിനോദിന്റെ അമ്മയുടെ രണ്ടാം ഭര്‍ത്താവ് കുട്ടപ്പന്‍ എന്ന അശോകന്‍ ഇത് ചോദ്യംചെയ്തു. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്കാവുകയും അത് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. വിനോദ് രണ്ടാനച്ഛനെ നിലവിളക്കുകൊണ്ട് അടിക്കുകയും രണ്ടാനച്ഛന്‍ വിനോദിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
വഴക്കിനിടെ കിടപ്പുമുറിയില്‍ കയറി കതകടച്ച മഞ്ചിമ ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മഞ്ചിമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനോദിന്റെ കേശവപുരത്തെ കുന്നുവിള വീട്ടിലായിരുന്നു സംഭവം നടന്നത്.
