
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. പ്രസവത്തെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നാണ് നെടുമങ്ങാട് സ്വദേശിനിയായ യുവതിയുടെ പരാതി. സ്വാഭാവിക പ്രസവത്തിനിടെയാണ് ഡോക്ടര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചതെന്നാണ് യുവതി പറയുന്നത്.
പ്രസവത്തിന് പിന്നാലെ തുന്നിക്കെട്ടിയത് ശരിയായ രീതിയിൽ അല്ല. ഇതേതുടർന്ന് വിവിധ ആശുപത്രികളിലായി മൂന്ന് ശസ്ത്രക്രിയ ചെയ്തുവെന്നും യുവതി പറയുന്നു. വിതുര സ്വദേശിയായ ഹസ്ന ഫാത്തിമയാണ് ചികിത്സ പിഴവ് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ആറ് മാസമായി യുവതികടുത്ത ദുരിതത്തിലാണ്. ഇരിക്കാനും നടക്കാനും കഴിയാത്ത സാഹചര്യത്തിലാണ് 23 കാരിയായ യുവതി. പ്രസവ ശേഷം മലവിസര്‍ജനത്തിന് തടസമുണ്ട്. യോനിയിലൂടെയാണ് മലം പോകുന്നത്. മലം പോകാതെ വയറ്റില്‍ കെട്ടിക്കിടന്ന് അണുബാധയുണ്ടായെന്നും യുവതി പരാതിയിൽ പറയുന്നു.
നിലവിൽ മലം പുറം തള്ളുന്നത് ട്യൂബിലൂടെയാണ്. പ്രസവത്തെ തുടർന്ന് എപ്പിസിയോട്ടമി ഇട്ടതിൽ ഡോക്ടർക്ക് കൈപിഴവെന്നാണ് യുവതിയുടെ ആരോപണം. പ്രസവസമയത്ത് കുഞ്ഞിന് എളുപ്പത്തില്‍ പുറത്തുവരാനായി യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗത്ത് ഡോക്ടര്‍ ചെയ്യുന്ന ഒരു ചെറിയ ശസ്ത്രക്രിയാ മുറിവാണ് എപ്പിസിയോട്ടമി.
ചികിത്സാ പിഴവ് മറച്ചുവെച്ച് ഡോക്ടര്‍ മുറിവ് തുന്നി കെട്ടിയെന്നും ആരോപണമുണ്ട്. മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞതാണ് പ്രശ്‌നത്തിന് കാരണമെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി.സംഭവത്തിൽ മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കോസ്റ്റോമി ശസ്ത്രക്രിയയും പ്ലാസ്റ്റിക് സർജറിയും ചെയ്തു. ഇനിയും രണ്ട് ശസ്ത്രക്രിയകൾ കൂടി ചെയ്യാനുണ്ടെന്ന് കുടുംബം പറയുന്നു.
