
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പി.വി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്. അന്‍വര്‍ വിജയം നേടുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ട് നേരത്തേ തന്നെ പിവി അന്‍വര്‍ മണ്ഡലത്തില്‍ സജീവമായി അനൗപചാരിക പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. അന്‍വറിലൂടെ മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് 28,747 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബേപ്പൂര്‍ മണ്ഡലത്തില്‍ വിജയിച്ചത്. പിന്നീട് വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. ഇത്തവണ ശക്തമായ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും അതുവഴി മണ്ഡലം പിടിച്ചെടുക്കാനാകുമെന്നുമാണ് യുഡിഎഫ് പ്രതീക്ഷ.
