
നെടുമങ്ങാട്: ടൂറിസം മേഖലയിലെ നെടുമങ്ങാടിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിക്കൊണ്ട് മോട്ടല്‍ ആരാമിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. വാളിക്കോട് വാമനപുരം ഇറിഗേഷന്‍ പ്രോജക്ടിന്റെ (വി.ഐ.പി.) ഗ്രൗണ്ടില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടസമുച്ചയത്തിന് 30 കോടി രൂപയിലേറെയാണ് നിര്‍മാണച്ചിലവ് കണക്കാക്കിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ ത്രീസ്റ്റാര്‍ നിലവാരത്തിലാണ് ആരാമിന്റെ നിര്‍മാണം. ഡോര്‍മെറ്ററികള്‍, കുട്ടികളുടെ പാര്‍ക്ക്, റസ്റ്റോറന്റ്, അതിഥിമുറികള്‍ എന്നിവ ആരാമത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. 2000 പേര്‍ക്ക് ഇരിക്കാവുന്ന എ.സി., നോണ്‍ എ.സി. ഹാളുകളുമുണ്ട്. കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന ആശയത്തില്‍ തയ്യാറാക്കുന്ന ഈ പദ്ധതിയ്ക്കായി ആദ്യഘട്ടത്തില്‍ 9.61 കോടി ചെലവിടും.
