
തിരുവനന്തപുരം: തിരുവനന്തപുരം – കാസര്‍കോട് അതിവേഗ റെയില്‍ പാതയായ റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം(ആര്‍ആര്‍ടിഎസ്) പദ്ധതിയുടെ വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. 20 ശതമാനം കേന്ദ്ര – സംസ്ഥാന സഹായവും, 60 ശതമാനം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയും ഉപയോഗപ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുക. ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം കണക്കെയുള്ള ഉത്തരവിറക്കിയത്. പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ആകെ ചെലവ് 1,92,780 കോടി രൂപയാണ്. ഇത് പ്രതീക്ഷിക്കുന്ന തുകയാണെന്നും അന്തിമ കണക്ക് ഡിപിആര്‍ അടക്കം തയ്യാറാക്കി വരുമ്പോള്‍ മാത്രമേ വ്യക്തത വരികയുള്ളൂവെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കിലോ മീറ്ററാണ് ആര്‍ആര്‍ടിഎസിന്റെ നീളം. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ 284 കി മീറ്ററാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാകുക. ഇത് തിരുവിതാംകൂര്‍ ലൈന്‍ എന്നായിരിക്കും അറിയപ്പെടുക. 2027ല്‍ നിര്‍മാണം തുടങ്ങി 2033ല്‍ ആദ്യഘട്ടം പൂര്‍ത്തീകരിക്കുമെന്നാണ് കണക്കാക്കുന്നത്. രണ്ടാം ഘട്ടം മലബാര്‍ ലൈന്‍ എന്ന പേരില്‍ തൃശ്ശൂര്‍ മുതല്‍ കോഴിക്കോട് വരെയും മൂന്നാം ഘട്ടം കണ്ണൂര്‍ ലൈന്‍ എന്ന പേരില്‍ കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെയും നാലാം ഘട്ടം കാസര്‍കോട് ലൈന്‍ എന്ന പേരില്‍ കണ്ണൂര്‍ മുതല്‍ കാസര്‍കോട് വരെയുമായിരിക്കും ആര്‍ആര്‍ടിഎസ് പദ്ധതി നടപ്പാക്കുക. 12 വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നും 2027ല്‍ ആരംഭിച്ചാല്‍ 2039ല്‍ പദ്ധതി പൂര്‍ണമായും പൂര്‍ത്തികരിക്കാനാകുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളില്‍ ആയിരിക്കുമെന്നും ആവശ്യമുള്ള ഇടത്ത് മാത്രമായിരിക്കും തുരങ്കം നിര്‍മിക്കുകയെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. പദ്ധതിക്ക് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.
