Press Club Vartha

നാട് സ്വപ്നം കണ്ട എല്ലാ പദ്ധതികളും പത്തു വര്‍ഷംകൊണ്ട് സര്‍ക്കാര്‍ പൂര്‍ത്തിയാക്കി: മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: നമ്മുടെ നാട് സ്വപ്നം കണ്ട എല്ലാ പദ്ധതികളും പത്തു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ സ്‌കൂളുകള്‍,ആശുപത്രികള്‍, തുടങ്ങി എല്ലാ പൊതു പ്രസ്ഥാനങ്ങളിലും ആധുനിക സംവിധാനങ്ങളോടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു.പോത്തന്‍കോട് മംഗലപുരം റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പഴകുറ്റി മുതല്‍ മംഗലപുരം വരെയുള്ള 20 കിലോമീറ്റര്‍ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് കിഫ്ബിയില്‍ നിന്നും 170 കോടി രൂപയാണ് അനുവദിച്ചത്. മൂന്ന് റീച്ചുകളാക്കി നിര്‍മാണം തുടങ്ങിയതി ല്‍ മൂന്നാം റീച്ചായ പോത്തന്‍കോട് മുതല്‍ മംഗലപുരം വരെയുള്ള ഏഴ് കിലോമീറ്റര്‍ നവീകരിക്കുന്നതിന് 67.63 കോടി രൂപയാണ് ചെലവഴിച്ചത്. റോഡ് വര്‍ക്കുകള്‍ക്ക് 47.16 കോടി രൂപ, വാട്ടര്‍ അതോറിറ്റി വര്‍ക്കുക്കള്‍ക്ക് 3.22 കോടി, കെ.എസ്. ഇ. ബി വര്‍ക്കുകള്‍ക്ക് 6.64 കോടി രൂപ, ഭൂമി ഏറ്റെടുത്തവര്‍ക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെ 67.63 കോടിയാണ് വിനിയോഗിച്ചത്.

13.6 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്താണ് റോഡ് വികസിപ്പിച്ചിരിക്കുന്നത്. 10 മീറ്റര്‍ റോഡ് ടാറിംഗ്, 1.8 മീറ്റര്‍ വീതം ഇരുവശങ്ങളിലും ഓടയും യൂട്ടിലിറ്റി സ്‌പേസും ഉള്‍പ്പെടുത്തി ഡിസൈന്‍ റോഡാണ് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ പ്രധാന ജംഗ്ഷനുകള്‍, സ്‌കൂളുകള്‍, എന്നിവിടങ്ങളില്‍ ഫുട്പാത്ത്, ഹാന്‍ഡ്‌റെയില്‍ ഉള്‍പ്പെടെ റോഡ് സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

277 പേരില്‍ നിന്ന് ഭൂമി ഏറ്റെടുത്ത് പരമാവധി ധനസഹായമായി 12.61 കോടി രൂപയാണ് വിതരണം ചെയ്തത്. റോഡ് വര്‍ക്കിന്റെ ഭാഗമായി വെയിറ്റിംഗ് ഷെഡുകളും അനുവദിച്ചിട്ടുണ്ട്. ഇത് കൂടാതെ കരൂര്‍, വാവറയമ്പലം, മോഹനപുരം, കൊയ്ത്തുര്‍ക്കോണം എന്നിവിടങ്ങളില്‍ എം.എല്‍.എ. ഫണ്ടില്‍ നിന്നും വെയിറ്റിംഗ് ഷെഡുകള്‍ അനുവദിച്ചിട്ടുണ്ട്.

ആദ്യ റീച്ചായ പഴകുറ്റി മുതല്‍ മുക്കംപാലമൂട് വരെയുള്ള പ്രവൃത്തിയ്ക്ക് 60 കോടി രൂപയാണ് ചിലവഴിക്കുന്നത്. ഇത് പൂര്‍ത്തീകരണഘട്ടത്തിലാണ്. രണ്ടാം റിച്ചായ മുക്കംപാലമൂട് മുതല്‍ പോത്തന്‍കോട് വരെയുള്ള റോഡ് പ്രവൃത്തിയുടെ ഭൂമി ഏറ്റെടുക്കല്‍ 80% പൂര്‍ത്തിയായി.

പഴകുറ്റി-മംഗലപുരം റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ തെക്കന്‍ കേരളത്തിന്റെ വാണിജ്യമേഖലയില്‍ ഉണര്‍വിനോപ്പം തദ്ദേശവികസനത്തിനും കാരണമാകും. ജില്ലയിലെ ഏറ്റവും പ്രധാന റോഡായ വഴയില -പഴകുറ്റി നാലുവരിപാതയ്ക്ക് 1300 കോടി രൂപയാണ്
വിനിയോഗിക്കുന്നത്.

സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് പത്തു വര്‍ഷത്തിനിടെ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ വി ശശി എം.എല്‍.എ പറഞ്ഞു.

പോത്തന്‍കോട് കെ.എസ്. ആര്‍.ടി.സി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം കാര്‍ത്തിക, പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, വൈസ് പ്രസിഡന്റ് ഷിബു, എന്നിവര്‍ പങ്കെടുത്തു.

Share This Post
Exit mobile version