
തിരുവനന്തപുരം: സിപിഐഎമ്മിനെ ആകെ പ്രതിരോധത്തിലാക്കിയ പയ്യന്നൂരിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിനു പിന്നാലെ തിരുവനന്തപുരത്തും ഫണ്ട് തട്ടിപ്പ് വിവാദം. 2008-ല്‍ വഞ്ചിയൂരില്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ സഹോദരനാണ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്. ഇതിനു പിന്നാലെ സിപിഐഎം വിട്ട വിഷ്ണുവിന്റെ സഹോദരന്‍ വിനോദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വിനോദിനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തതിന് മുന്‍പ് പാര്‍ട്ടി നടപടിക്ക് വിധേയനായ മുന്‍ ലോക്കല്‍ സെക്രട്ടറി ടി.രവീന്ദ്രന്‍ നായര്‍ക്കെതിരെയായിരുന്നു വിനോദ് ആരോപണം ഉന്നയിച്ചിരുന്നത്. തരം താഴ്ത്തലിന് വിധേയനായ രവീന്ദ്രന്‍ നായര്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ സഹായത്താല്‍ സിഐടിയു ജില്ലാ സെക്രട്ടറി പദത്തിലെത്തി എന്നായിരുന്നു വിനോദിന്റെ ആരോപണം. രക്തസാക്ഷിയുടെ കുടുംബത്തോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്നും ഇനി സിപിഐഎമ്മിനൊപ്പം ഇല്ലെന്നും ചൂണ്ടിക്കാട്ടി വിനോദ് പാര്‍ട്ടി വിട്ടു.
2008 ഏപ്രില്‍ ഒന്നിന് കൈതമുക്ക് പാസ്പോര്‍ട്ട് ഓഫിസിനു മുന്നിലാണു സിപിഐഎം വഞ്ചിയൂര്‍ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൊല്ലപ്പെട്ടത്. 13 പ്രതികള്‍ കുറ്റക്കാരാണെന്നു തിരുവനന്തപുരം ജില്ലാ കോടതി കണ്ടെത്തിയെങ്കിലും പിന്നീടു ഹൈക്കോടതി ഇവരെ വിട്ടയച്ചു. ഈ വിധി സുപ്രീംകോടതിയും ശരിവച്ചിരുന്നു.