
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യ കേസില്‍ പ്രതിയായ ഷിംജിതയെ ഇന്ന് വൈകിട്ട് 5 മണി വരെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിനായാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.
ദീപക്കിന്റെ മരണത്തില്‍ കുടുംബം നല്‍കിയ പരാതിയിലാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ഷിംജിതയെ അറസ്റ്റ് ചെയ്തത്. പയ്യന്നൂരിലെ ബസ് യാത്രക്കിടെ ദീപക്കില്‍ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ദീപക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു കുടുംബത്തിന്റെ പരാതി.
അതേസമയം, ലൈംഗികാരോപണ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഷിംജിത മാധ്യമങ്ങളോട് പ്രതികരിച്ചു.
