
തിരുവനന്തപുരം: തനിക്കെതിരെയുള്ള സൈബര്‍ ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയ്ക്ക് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അതിക്രമത്തിന് ഇരയായ യുവതി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും പ്രിയങ്കാ ഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ യുവതി പരാതി നല്‍കിയതിനു ശേഷം സാമൂഹ്യ മാധ്യമത്തിലൂടെ നേരിടുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിട്ടുള്ളത്. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫെന്നി നൈനാനും കോണ്‍ഗ്രസ് സൈബര്‍ സംഘവും വലിയ രീതിയില്‍ സ്വഭാവഹത്യ നടത്തുന്നതായി പരാതിയില്‍ പറയുന്നു. ഒപ്പം രാഹുല്‍ മാങ്കൂട്ടത്തിലും സംഘവും തന്റെ വ്യക്തി വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും പരാതിയിലുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുകൊണ്ട് തന്നെ ഭീഷണിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തില്‍ സൈബര്‍ ആക്രമണം തടയാന്‍ രാഹുല്‍ഗാന്ധി ഇടപെടണമെന്നാണ് അതിജീവിതയുടെ അഭ്യര്‍ത്ഥന.
