
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നാട്ടുകാരെ ദുരിതത്തിലാഴ്ത്തി കുടിവെള്ളം മുടങ്ങിയിട്ട് മൂന്നുദിവസം. നെയ്യാറ്റിന്‍കര നെല്ലിമൂട്ടിലും പരിസരങ്ങളിലുമുള്ള നൂറുകണക്കിന് ജനങ്ങളാണ് മൂന്നുദിവസമായി കുടിവെള്ളമില്ലാതെ ദുരിതത്തില്‍ കഴിയുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പദ്ധതിയെ ആശ്രയിച്ചു കഴിയുന്ന നാട്ടുകാരാണ് ദുരിതം അനുഭവിക്കുന്നത്. ഇതോടെ കുടിവെള്ളം പോലും കാശ് കൊടുത്ത് വാങ്ങേണ്ട ഗതിവരുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. സാധാരണയായി രണ്ടു ദിവസത്തിനകം ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കാറുള്ള വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ മൂന്നു ദിവസമായിട്ടും ജലവിതരണം പുനഃരാരംഭിച്ചിട്ടില്ല.
അതിയന്നൂര്‍ പഞ്ചായത്ത് പൊതുവേ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ്. കിണറുകളേക്കാള്‍ കൂടുതല്‍ കുഴല്‍ക്കിണറുകളേയാണ് പ്രദേശവാസികള്‍ പലയിടത്തും ആശ്രയിക്കുന്നത്. ഈ സംവിധാനമില്ലാത്ത നൂറുകണക്കിനു ജനങ്ങള്‍ക്ക് ആശ്രയം വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ പദ്ധതിയാണ്. പുതിയ പ്ലാന്റ് ഉദ്ഘാടനം പൂര്‍ത്തിയായി ഒരു വര്‍ഷത്തോളം പരിപാലനം ബന്ധപ്പെട്ട കമ്പനിക്കായിരുന്നു. നിലവില്‍ ഈ ഉത്തരവാദിത്തം വാട്ടര്‍ അതോറിറ്റി ഏറ്റെടുത്തിരിക്കുകയാണ്.
പ്ലാന്റ് മൂന്നു മാസത്തിലൊരിക്കല്‍ ശുചീകരണ പ്രവൃത്തികള്‍ക്ക് വിധേയമാക്കണമെന്നതിന്റെ അടിസ്ഥാനത്തില്‍ മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. മൂന്നുദിവസമായിട്ടും ജലവിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. ഇനിയും ജലവിതരണം വൈകിയാല്‍ പണം കൊടുത്തു കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.