Press Club Vartha

കേരളത്തിന്റെ ആര്‍ആര്‍ടിഎസ് അംഗീകൃത സംവിധാനമല്ല; തന്റെ അതിവേഗ പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമം: ഇ.ശ്രീധരന്‍

മലപ്പുറം: കേരളത്തില്‍ അതിവേഗ റെയില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആര്‍ആര്‍ടിഎസ് സംവിധാനത്തിനും സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് ഇ.ശ്രീധരന്‍. താന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പാതയെ അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അതിവേഗ റെയില്‍ പാതയുമായി മുന്നോട്ട് വന്നതെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ആര്‍ആര്‍ടിഎസ് ഒരിക്കലും അംഗീകരിക്കപ്പെട്ട റെയില്‍വേ സംവിധാനം അല്ല. അത് റെയില്‍വേ ആക്ട് പ്രകാരം നടപ്പാക്കാന്‍ കഴിയില്ല. മറിച്ച് മെട്രോ ആക്ട് പ്രകാരമാണ് നടപ്പാക്കാനാവുകയെന്നും ശ്രീധരന്‍ പറഞ്ഞു. ആര്‍ആര്‍ടിഎസ് റെയില്‍വേയുടെ കീഴിലെന്നും കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ കീഴിലാണ് വരികയെന്നും ശ്രീധരന്‍ വ്യക്തമാക്കി.

അതേസമയം അതിവേഗ റെയിലിനായി മലപ്പുറത്ത് ഇ ശ്രീധരന്‍ ഓഫീസ് തുടങ്ങിയതിനെ മുഖ്യമന്ത്രി പൊതുവേദിയില്‍ പരിഹസിക്കുകയുണ്ടായി. ശ്രീധരന്‍ ഓഫീസ് തുടങ്ങിയിട്ട് കാര്യമില്ല എന്നും പദ്ധതിക്ക് കേന്ദ്ര അനുമതി വേണ്ടേ എന്നും ചോദിച്ച മുഖ്യമന്ത്രി ശ്രീധരന്‍ ആണോ പദ്ധതി ആരംഭിക്കേണ്ടത് എന്നും ചോദിച്ചു. പദ്ധതി പ്രഖ്യാപിക്കേണ്ടത് കേന്ദ്രമാണ്. അതില്‍ സംസ്ഥാനം വഹിക്കേണ്ട ചില പങ്കുകളുണ്ട്. ബജറ്റില്‍ അതിവേഗ റെയില്‍ പ്രഖ്യാപിച്ചപ്പോഴും കേരളത്തെ മാറ്റിനിര്‍ത്തി. കേരളത്തിന് എന്താണ് കുറവ് എന്നും അര്‍ഹതപ്പെട്ടത് കേരളത്തിന് നിഷേധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Post
Exit mobile version