Press Club Vartha

കമ്പനിയുടെ ഭാവിയില്‍ ആര്‍ക്കും വേവലാതി വേണ്ട; കോണ്‍ഫിഡന്റ് ഗ്രൂപ്പിന് ശക്തമായ സാമ്പത്തിക അടിത്തറ; ഐ.ടി വകുപ്പ് ബുദ്ധിമുട്ടിച്ചില്ല: എം.ഡി

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയിയുടെ മരണത്തില്‍ വിശദീകരണവുമായി കമ്പനി മാനേജിംഗ് ഡയറക്ടര്‍ ടി.എ ജോസഫ്. ആദായ നികുതി വകുപ്പ് റെയ്ഡുകള്‍ റോയിയെ ബുദ്ധിമുട്ടിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന് ശക്തമായ സാമ്പത്തിക അടിത്തറയുണ്ട്. കമ്പനിയുടെ ഭാവിയെ കുറിച്ചോര്‍ത്ത് ആര്‍ക്കും വേവലാതി വേണ്ടെന്നും അദ്ദേഹം പറഞ്ഞു. റോയിയുടെ മരണം അന്വേഷണത്തില്‍ തെളിയേണ്ട കാര്യമാണ്. ആദായനികുതി വകുപ്പിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നല്ല റോയ് മരിച്ചത്. അത്തരം പ്രചാരണം ശരിയല്ലെന്നും ജോസഫ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആദായനികുതി വകുപ്പ് റോയിയെ ഒരു വിധത്തിലും ബുദ്ധിമുട്ടിച്ചിരുന്നില്ല,. അങ്ങനെ ആരെങ്കിലും ബുദ്ധിമുട്ടിച്ചാല്‍ നിന്നുകൊടുക്കുന്ന ആളല്ല റോയിയെന്നും ബംഗളൂരുവിലെ പരിശോധനയിലും ഐടി വകുപ്പ് മാന്യമായാണ് പെരുമാറിയതെന്നും ജോസഫ് പറഞ്ഞു. ആദായ നികുതി വകുപ്പ് ബുദ്ധിമുട്ടിച്ചെന്ന് പറയുന്നത് ശരിയല്ലെന്ന് റോയിയുടെ സഹോദരനോടും പറഞ്ഞിട്ടുണ്ട്.

ആത്മഹത്യക്കുറിപ്പ് എന്ന തരത്തില്‍ ഒന്നും ലഭിച്ചില്ലെന്നും എന്നാല്‍ കുടുംബത്തോട് പറയാനുള്ള ചില കാര്യങ്ങള്‍ രേഖപ്പെടുത്തിയ കുറച്ചു പേജുകള്‍ ലഭിച്ചിരുന്നു എന്നും എംഡി പറഞ്ഞു. കുടുംബത്തിനുള്ള കത്തായതുകൊണ്ടു വായിച്ചു പോലും നോക്കാതെ ലോക്കറില്‍ വച്ചു. കുടുംബം വന്നപ്പോള്‍ അത് അവരെ ഏല്‍പ്പിക്കുകയാണുണ്ടായതെന്നും ജോസഫ് വ്യക്തമാക്കി.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബംഗളൂരുവിലേയും കൊച്ചിയിലേയും പ്രവര്‍ത്തനം രണ്ടു ഡിവിഷനുകളായിട്ടാണെന്നും ഒരിടത്തുമുള്ള നിക്ഷേപകര്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഫിഡന്റ് ഗ്രൂപ്പ് തട്ടിപ്പു നടത്തുകയോ ബെനാമി ഇടപാടുകള്‍ നടത്തുകയോ ചെയ്തിട്ടില്ല. ആരില്‍ നിന്നും നിക്ഷേപം സ്വീകരിക്കാറുമില്ല. മറിച്ച് ഫ്‌ലാറ്റുകള്‍ വില്‍പ്പന നടത്തി പണം സ്വരൂപിച്ച് നിര്‍മാണം നടത്തുന്നതാണ് രീതി. കടമില്ലാത്ത കമ്പനിയാണ്. സിനിമ മേഖലയില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഈ മാസം 14ന് രണ്ടു പുതിയ പദ്ധതികള്‍ കൂടി പ്രഖ്യാപിക്കുമെന്നും ജോസഫ് വ്യക്തമാക്കി.

Share This Post
Exit mobile version