
വിശാഖപട്ടണം: ആര്‍ഭാടജീവിതം നയിക്കുന്നതിന് ആന്ധ്രാപ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി 60ഓളം മോഷണങ്ങള്‍ നടത്തിയ മുന്‍ ഐ.ടി പ്രൊഫഷണലായ യുവാവ് പിടിയിലായി. സണ്ണി എന്ന് അറിയപ്പെടുന്ന ആച്ചി മഹേഷ് റെഡ്ഡി എന്ന 27-കാരനെ മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കും പിന്തുടരലിനും ശേഷമാണ് പൊലീസ് പിടികൂടിയത്. വിശാഖപട്ടണത്തും ആന്ധ്രാപ്രദേശിലെ മറ്റുപല ഭാഗങ്ങളിലും ഇയാള്‍ മോഷണം നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കുക, വിദേശയാത്ര നടത്തുക ഇവയായിരുന്നു മോഷണത്തിന്റെ ലക്ഷ്യം. മുന്‍പ് ഹൈദരാബാദിലെ ഒരു പ്രമുഖ ഐ.ടി കമ്പനിയില്‍ ജീവനക്കാരനായിരുന്നു മഹേഷ് എന്ന് പൊലീസ് പറയുന്നു.
മഹേഷ് റെഡ്ഡിയുടെ അറസ്റ്റോടെ ഗജുവാക, അരിലോവ, മാല്‍കപുരം, പെന്‍ഡുര്‍ത്തി, ദുവ്വാട തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന 26 കേസുകള്‍ തെളിയിക്കപ്പെട്ടതായി വിസാഗ് പൊലീസ് അറിയിച്ചു. 1084 ഗ്രാം സ്വര്‍ണം, 6,300 ഗ്രാമില്‍ കൂടുതല്‍ വെള്ളി ആഭരണങ്ങള്‍, 40,500 രൂപയുമടക്കം ഏകദേശം 24.66 ലക്ഷത്തോളം വിലമതിക്കുന്ന സാധനങ്ങളാണ് ഈ മോഷണങ്ങളില്‍ നഷ്ടപ്പെട്ടത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 699 ഗ്രാം സ്വര്‍ണാഭരണങ്ങളും 3.8 കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ച പണം കൊണ്ട് വാങ്ങിയ ബിഎംഡബ്ല്യു വാഹനവും നമ്പറില്ലാത്ത ഒരു സ്‌കൂട്ടറും മോഷണോപകരണങ്ങളും പോലീസ് കണ്ടെടുത്തു.
വീടുകളില്‍ അതിക്രമിച്ചു കയറാന്‍ മാസ്‌കുകള്‍, തൊപ്പികള്‍, കൈയുറകള്‍, ചുറ്റികകള്‍, സ്‌ക്രൂ ഡ്രൈവറുകള്‍, ഡ്രില്ലിങ് മെഷീനുകള്‍ എന്നിവയായിരുന്നു ഉപയോഗിച്ചിരുന്നത്. അതേസമയം, സണ്ണിക്ക് കൗമാരപ്രായം മുതലേ മോഷണത്തിന്റെ ചരിത്രമുണ്ടായിരുന്നതായി വിശാഖപട്ടണം പൊലീസ് കമ്മീഷണര്‍ ശങ്ക ബ്രത ബാഗ്ചി പറയുന്നു. ’15-ാം വയസ്സ് മുതല്‍ മോഷണം ശീലമാക്കിയ ആളാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്.