
തിരുവനന്തപുരം: ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്ന ബിജെപി കൗണ്‍സിലര്‍മാരുടെ സംഘത്തിനൊപ്പം പോകാതെ വിട്ടുനിന്ന് ആര്‍.ശ്രീലേഖ. ആരോഗ്യപ്രശ്‌നങ്ങളാല്‍ മൂന്നുദിവസം ട്രെയിന്‍യാത്ര ബുദ്ധിമുട്ടാണെന്നും പ്രധാനമന്ത്രി വിരുന്നൊരുക്കുന്ന ദിവസം വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിക്കോളാമെന്നും ശ്രീലേഖ അറിയിച്ചതായാണ് വിവരം. ഈമാസം 12നാണ് ജനപ്രതിനിധികള്‍ക്കായി പ്രധാനമന്ത്രി വിരുന്നൊരുക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം എം.ആര്‍ ഗോപനും സംഘത്തിലുണ്ടാകില്ല. മാതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വരാനാകില്ലെന്ന് ഗോപന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് േേകരള എക്‌സ്പ്രസിലാണ് തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ ഡല്‍ഹിക്ക് തിരിക്കുന്നത്. കൗണ്‍സിലര്‍മാരും മുന്‍സിപ്പാലിറ്റി പഞ്ചായത്ത് അധ്യക്ഷന്മാരും സംഘത്തിലുണ്ടാകും. കേരള എക്‌സ്പ്രസ്സില്‍ യാത്ര പുറപ്പെടുന്ന സംഘത്തിന് ട്രെയിന്‍ കടന്ന് പോകുന്ന സംസ്ഥാനങ്ങളില്‍ സ്വീകരണം നല്‍കും.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനത്തെ ചൊല്ലി ആര്‍. ശ്രീലേഖ പരസ്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്തിയപ്പോള്‍ സ്റ്റേജില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ശ്രീലേഖയുടെ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വലിയതോതില്‍ ഇത് ചര്‍ച്ചാവിഷയമായിരുന്നു.