Press Club Vartha

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മൂന്നുപേര്‍ കൂടി പ്രതികളാകും; രണ്ടുപേര്‍ക്ക് കേസില്‍ നേരിട്ട് പങ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മൂന്നുപേരെ കൂടി പ്രതികളാക്കാന്‍ പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പിച്ചു. മൂന്നു പേരുടെ കൂടി പങ്കാളിത്തം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പിച്ചിട്ടുള്ളത്. ആരൊക്കെയാണ് പ്രതികളെന്നോ പ്രതികളെ സംബന്ധിച്ച വിവരങ്ങളോ ഹൈക്കോടതിയില്‍ സമര്‍പിച്ച റിപ്പോര്‍ട്ടില്‍ എസ്‌ഐടി വ്യക്തമാക്കിയില്ലെങ്കിലും ഇക്കാര്യങ്ങളെല്ലാം ഉള്‍പെടുത്തി മറ്റൊരു റിപ്പോര്‍ട്ട് സീല്‍ഡ് കവറില്‍ നല്‍കിയിട്ടുണ്ട്.

ദ്വാരപാലക പാളി കവര്‍ന്ന കേസില്‍ രണ്ടുപേരും കട്ടിളപ്പാളി കേസില്‍ ഒരാളുമാണ് പ്രതികളാവുക. കട്ടിളപ്പാളി കേസില്‍ സംശയത്തിന്റെ നിഴലിലുണ്ടായിരുന്ന നാല് പേരുടെ പങ്കാളിത്തത്തെ സംബന്ധിച്ച പരിശോധന നടത്തിയിരുന്നു. ഇതില്‍ രണ്ടുപേര്‍ക്ക് കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. അതേസമയം ദ്വാരപാലക പാളി കേസില്‍ രണ്ടുപേര്‍ക്ക് കൂടി പങ്കുണ്ടെന്ന സംശയത്തിലായിരുന്നു എസ്ഐടി. ഇതില്‍ ഒരാളുടെ പങ്ക് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, സ്വര്‍ണക്കൊള്ളക്കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പിക്കപ്പെട്ടിട്ടില്ല. കുറ്റപത്രം സമര്‍പിക്കുന്നത് ഇനിയും വൈകിയേക്കുമെന്ന് സൂചനയുണ്ട്. കുറ്റപത്രം സമര്‍പിച്ചിട്ടില്ലാത്തതിനാല്‍ കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, മറ്റൊരു പ്രതിയായ മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവര്‍ അടക്കമുള്ളവര്‍ ജാമ്യം നേടി പുറത്തെത്തിയിരുന്നു. കേസില്‍ എ.പത്മകുമാര്‍, എന്‍.വാസു അടക്കമുള്ളവരും ജാമ്യാപേക്ഷ സമര്‍പിച്ചിട്ടുണ്ട്.

അതിനിടെ, സ്വര്‍ണക്കൊള്ള സ്ഥിരീകരിക്കാന്‍ നിര്‍ണായകമായ ശാസ്ത്രീയ പരിശോധനകള്‍ നടത്താന്‍ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് അനുമതി നല്‍കിയിരുന്നു. സ്വര്‍ണപ്പാളികളില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് വ്യക്തത വരുത്തുന്നതിന് ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിന് (BARC) കീഴിലുള്ള നാഷണല്‍ ലാബിലാകും പരിശോധന നടക്കുക. ഇതിനായി ഈ മാസം 12-ന് ശബരിമലയില്‍നിന്ന് 12 സാമ്പിളുകള്‍ ശേഖരിക്കാന്‍ കോടതി നിര്‍ദേശിച്ചു.

1998-ല്‍ സ്ഥാപിച്ച യഥാര്‍ഥ പാളികളാണോ നിലവിലുള്ളത്, അതോ അവ മാറ്റിയ ശേഷം പഴയ ചെമ്പില്‍ വീണ്ടും സ്വര്‍ണംപൂശി വെച്ചതാണോ എന്ന കാര്യത്തിലാണ് ശാസ്ത്രീയമായ സ്ഥിരീകരണം വേണ്ടത്. നേരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടത്തിയ പരിശോധനാ ഫലങ്ങളില്‍ ശാസ്ത്രജ്ഞരുടെ മൊഴിയും റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടായ സാഹചര്യത്തിലാണ് രാജ്യത്തെ ഏറ്റവും മികച്ച ലാബായ ബാര്‍ക്കിന്റെ സഹായം തേടാന്‍ കോടതി തീരുമാനിച്ചത്.

Share This Post
Exit mobile version