Press Club Vartha

വി കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചേക്കും; ആര്‍എസ്പി സംസ്ഥാന നേതൃത്വം ശ്രമം തുടരുന്നു

കണ്ണൂര്‍: ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടിലുമടക്കുള്ള തിരിമറികള്‍ നടന്നുവെന്നുള്ള ആരോപണം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെ പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ ആര്‍എസ്പി സംസ്ഥാന നേതൃത്വത്തിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ആര്‍എസ്പി സംസ്ഥാന നേതൃത്വം അദ്ദേഹത്തെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് വി കുഞ്ഞികൃഷ്ണന്റെ നിലപാട്. ഒരിക്കലും യുഡിഎഫിന്റെ ഭാഗമായി മത്സരിക്കാന്‍ തയ്യാറാകില്ലെന്നും കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ഷിബു ബേബി ജോണ്‍ വീട്ടില്‍ എത്തിയപ്പോള്‍ രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മട്ടന്നൂര്‍ സീറ്റ് വെച്ചുമാറി പകരം പയ്യന്നൂര്‍ ഏറ്റെടുക്കാനും കുഞ്ഞികൃഷ്ണനെ മത്സരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ആര്‍എസ്പി സംസ്ഥാന നേതൃത്വം നടത്തുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടിലുമടക്കം വന്‍ തിരിമറി നടന്നുവെന്നായിരുന്നു മുന്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ വി കുഞ്ഞികൃഷ്ണന്റെ ആരോപണം. വിഷയം വിവാദമായതോടെ കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു.

Share This Post
Exit mobile version