Press Club Vartha

ബജറ്റ് വെറും പ്രഖ്യാപനങ്ങള്‍ മാത്രം, കാര്‍ഷിക മേഖലയെ അവഗണിച്ചു; ശശി തരൂര്‍ എംപി

ന്യൂഡല്‍ഹി: ബജറ്റില്‍ കാര്‍ഷിക മേഖലയെ കേന്ദ്രം അവഗണിച്ചുവെന്ന് ശശി തരൂര്‍ എംപി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാം എന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ല. കിസാന്‍ സമ്മാന്‍ നിധി പദ്ധതി വഴിയുള്ള തുക ആറായിരത്തില്‍ നിന്നും വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബജറ്റ് പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. ലോക്സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയിലാണ് ശശി തരൂരിന്റെ വിമര്‍ശനം.

രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള കൃത്യമായ പദ്ധതികള്‍ ബജറ്റിലില്ല. സാധാരണക്കാരനെ പൂര്‍ണ്ണമായും അവഗണിക്കുന്നതാണ് ഈ ബജറ്റെന്നും തരൂര്‍ ആരോപിച്ചു. വ്യക്തിഗത നികുതി ഭാരം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് ഇളവുകള്‍ നല്‍കുമ്പോള്‍ സാധാരണക്കാരുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് തരൂര്‍ സഭയില്‍ പറഞ്ഞു.

വ്യോമയാന മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല. കടുത്ത അന്തരീക്ഷ മലിനീകരണത്തിന് ശേഷവും, ബജറ്റില്‍ അതിനെക്കുറിച്ച് പരാമര്‍ശം ഇല്ല. രാജ്യത്തെ ഏറ്റവും ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തില്‍ എയിംസ് പ്രഖ്യാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിച്ചെന്നും റെയില്‍വേ മേഖലയിലും കേരളത്തിന് അവഗണനയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

 

Share This Post
Exit mobile version