
തിരുവനന്തപുരം: ചൂര മീന്‍ കറിവച്ചത് ഇഷ്ടപ്പെടാത്തതിനാല്‍ പിണറായി വിജയന്‍ ഭക്ഷണം കഴിക്കാതെ പിണങ്ങിപ്പോയെന്ന വിവാദ പ്രസ്താവനയ്ക്കു പിന്നാലെ വീണ്ടും ഇടതു മുന്നണിയെയും സര്‍ക്കാരിനെയും വെട്ടിലാക്കി സി.ദിവാകരന്‍. കേരളത്തില്‍ പറയത്തക്ക ഒന്നും ഇല്ലാത്തത് കൊണ്ടാണ് ഇവിടെ നിന്ന് യുവാക്കള്‍ നാടുവിട്ടു പോകുന്നതെന്ന് സി.ദിവാകരന്‍ പറഞ്ഞു. മലയാളി യുവാക്കളെ നാട്ടില്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ തക്ക ഫാക്ടറികളോ നിര്‍മാണശാലകളോ സര്‍ക്കാര്‍ സ്ഥാപിക്കുന്നില്ലെന്നും ദിവാകരന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഒരു ചുക്കും ചുണ്ണാമ്പും ഇല്ലെന്നാണ് ദിവാകരന്റെ വിമര്‍ശനം. നേരത്തെ ഇഷ്ടപ്പെട്ട മീന്‍കറി കിട്ടാത്തത് കൊണ്ട് ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ നിന്ന് വിരുന്നില്‍ ഊണ് കഴിക്കാതെ പിണറായി വിജയന്‍ ഇറങ്ങിപ്പോയെന്ന് ദിവാകരന്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു.
ദിവാകരന്റെ വാക്കുകള്‍ ഇങ്ങനെ; ”ഇന്ത്യ രാജ്യത്തെയാകെ താരതമ്യപ്പെടുത്തുമ്പോള്‍ ഒരു ചെറിയ പഞ്ചായത്താണ് നമ്മുടെ കേരളം. ഇവിടെ എന്തെങ്കിലും ഉണ്ടോ. ഒരു ഹെവി ഇന്‍ഡസ്ട്രിയോ പ്രൊഡക്ഷനോ മാനുഫാക്ചറിങ്ങോ ഇവിടെ ഇല്ല. കാറോ മോട്ടോര്‍ ബൈക്കോ ഹെവി മെഷിനറിയോ പോലും ഇവിടെ ഉത്പാദിപ്പിക്കുന്നില്ല. ചുരുക്കത്തില്‍ ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല. അതുകൊണ്ടാണ് ചെറുപ്പക്കാര്‍ എങ്ങനെയെങ്കിലും പാസ്പോര്‍ട് തരപ്പെടുത്തി കാശും കൊടുത്ത് നാടുവിട്ടു പോയി രക്ഷപ്പെടുന്നത്. കേരളത്തില്‍ ഫാക്ടറിയും നിര്‍മാണവും വരുത്തേണ്ടത് സര്‍ക്കാരല്ലേ”
സിപിഐഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ പിണറായി വിജയന്‍ ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ കഥയാണ് മുന്‍പ് ദിവാകരന്‍ പറഞ്ഞത്. അന്ന് പിണറായി വിജയന്‍ ചൂരക്കറി കഴിക്കാന്‍ കൂട്ടാക്കാതെ ഇരുന്നതിനാല്‍ അന്നത്തെ സിപിഐഎം ജില്ലാ സെക്രട്ടറി എം.സത്യനേശന്‍ പിറ്റേന്നു പുലര്‍ച്ചെ പാളയം മാര്‍ക്കറ്റില്‍ പോയി വലിയ നെയ്മീന്‍ വാങ്ങി പാറശാലയില്‍ എത്തിച്ചു കറിവച്ചു കൊടുത്തതിനു ശേഷമാണ് പിണറായിക്കു സന്തോഷമായതെന്നും ദിവാകരന്‍ പറഞ്ഞിരുന്നു. ദിവാകരനെ തിരുത്തി ആനത്തലവട്ടം ആനന്ദന്റെ മകന്‍ രംഗത്തെത്തിയെങ്കിലും ദിവാകരന്‍ പറഞ്ഞതില്‍ ഉറച്ചു നിന്നു.
സി.ദിവാകരന്റെ ഈ തുറന്ന വിമര്‍ശനം മുന്നണിയിലും സര്‍ക്കാരിലും ഏറെ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. തീര്‍ച്ചയായും അടുത്ത ഇടതുമുന്നണി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും. പലപ്പോഴും സിപിഐ, മുന്നണിയെ വെട്ടിലാക്കുന്ന തരത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതായി സിപിഐഎമ്മിന് നേരത്തെ മുതല്‍ ആക്ഷേപമുണ്ട്.