Press Club Vartha

ദീപകിന്റെ മരണം; പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം; കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത് കോഴിക്കോട് കോടതി

കോഴിക്കോട്: അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിന്റെ പേരില്‍ ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കര്‍ശന ഉപാധികളോടെ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം. സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ഷിംജിത പുറത്തിറങ്ങുന്നത്. കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക് ആണ് ജീവനൊടുക്കിയിരുന്നത്.

നേരത്തെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഷിംജിത സെഷന്‍സ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഷിംജിതയുടെ ജാമ്യഹര്‍ജി പരിഗണിക്കവെ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. ലാപ്‌ടോപ്പ് , ഫോണ്‍ എന്നിവയുടെ ഫൊറന്‍സിക് പരിശോധന ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഷിംജിതയുടെ വീഡിയോ എഡിറ്റഡ് ആണോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഷിംജിത 21 ദിവസമായി ജയിലിലാണെന്നും പരിശോധനാഫലം വരുന്നത് വരെ റിമാന്റില്‍ കഴിയേണ്ട ആവശ്യമില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ആത്മഹത്യാ പ്രേരണ കുറ്റം മാത്രമായിരുന്നു ഷിംജിതയ്ക്ക് മേല്‍ ചുമത്തിയിരുന്നത്. ബസില്‍ വെച്ച് മോശമായി പെരുമാറിയെന്ന തരത്തില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജനുവരി 21നാണ് വടകര സ്വദേശിനി ഷിംജിത മുസ്തഫ അറസ്റ്റിലായത്. വടകരയിലെ ബന്ധുവീട്ടില്‍ നിന്നായിരുന്നു ഷിംജിതയെ പൊലീസ് പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Share This Post
Exit mobile version