
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ഒന്നാം ബലാല്‍സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. രണ്ടും മൂന്നും കേസില്‍ ജാമ്യം ലഭിച്ച രാഹുലിന് ഒന്നാം കേസില്‍ മാത്രമാണ് ഇനി ജാമ്യം ലഭിക്കാന്‍ ഉള്ളത്. ഒന്നാം കേസില്‍ നേരത്തെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ശേഷം ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമെന്നാണ് രാഹുല്‍ കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും പ്രോസിക്യൂഷനും വാദിച്ചു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ ആദ്യ പരാതിക്കാരിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കേസില്‍ പ്രതിയായ അഭിഭാഷക ദീപ ജോസഫിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. പരാതിക്കാരിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിലാണ് കോടതിയുടെ വിമര്‍ശനം. ഒരു അഭിഭാഷക ഇത്തരം പോസ്റ്റ് ഇടാന്‍ പാടുണ്ടോ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. ദീപ എഴുതിയത് തങ്ങള്‍ വായിക്കണോ എന്നും കോടതി ചോദിച്ചു. പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞതാണ് എഴുതിയതെന്ന ദീപയുടെ വാദത്തിന് ഭര്‍ത്താവ് പറഞ്ഞത് വെച്ച് എല്ലാം പരസ്യമായി എഴുതാമോ എന്നായിരുന്നു കാേടതിയുടെ മറുചോദ്യം.
ദീപ ജോസഫിനെതിരെ കടുത്ത ആരോപണങ്ങളുമായാണ് കേസിലെ ആദ്യ പരാതിക്കാരി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ദീപ ജോസഫ് സൈബര്‍ വെട്ടുകിളി കൂട്ടത്തിന്റെ നേതാവാണെന്ന് പരാതിക്കാരി വിമര്‍ശിച്ചു. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ എഫ് ബി പോസ്റ്റുകളുടെ വിവര്‍ത്തനം ദീപ ജോസഫ് വളച്ചൊടിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.