
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥ ഗൂഢാലോചനാ സിദ്ധാന്തം തള്ളി. തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തിയാണ് എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപിക്ക് അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കി. മഠത്തില്‍വരവ് സമയത്ത് പൊലീസ് ലാത്തിച്ചാര്‍ജ് ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവമ്പാടി വിഭാഗത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. 2024 ഒക്ടോബറിലാണ് പൂരം കലക്കലുമായി ബന്ധപ്പെട്ട് എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ചത്.
പൊലീസ് നടപടികളാണ് പൂരം അലങ്കോലമാകാന്‍ കാരണമെന്നായിരുന്നു ആരോപണം. മഠത്തില്‍ വരവ് വരുമ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തതില്‍ നിന്നാണ് പ്രശ്ങ്ങളുടെ തുടക്കമെന്ന ആരോപണം തള്ളി തിരക്കു നിയന്ത്രിക്കാന്‍ കെട്ടിയിരുന്ന വടം മറികടന്നു ചിലര്‍ വന്നപ്പോള്‍ ലാത്തി കാട്ടി തിരിച്ചു കയറ്റുക മാത്രമാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പിന്നീട് മറ്റ് പ്രകോപനങ്ങളൊന്നും ഇല്ലാതെ തന്നെ ലൈറ്റ് ഓഫ് ചെയ്യുകയും വെടികെട്ട് ഉപേക്ഷിക്കാന്‍ തിരുമ്പാടി തീരുമാനിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
2024-ലാണ് ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് നടന്ന പൂരം അട്ടിമറി സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള നീക്കമായിരുന്നുവെന്നാണ് സിപിഐയുടെ ആരോപണം. സ്ഥലത്തുണ്ടായിരുന്ന എഡിജിപി എം.ആര്‍ അജിത്കുമാര്‍ അട്ടിമറിക്കു പിന്നില്‍ പ്രവൃത്തിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. അജിത്കുമാറിന്റെ വീഴ്ചകള്‍ വ്യക്തമാക്കി ഡിജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനും നല്‍കിയിരുന്നു.
അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണെന്നും ഒരു വരി പോലും അംഗീകരിക്കാനാകില്ലെന്നും എന്താണ് സംഭവിച്ചതെന്നു എല്ലാവരും കണ്ടതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. ലൈവ് ആയി കേരളവും ഇന്ത്യയും മുഴുവന്‍ കണ്ട കാഴ്ച മറച്ചുവച്ച് അജിത് കുമാറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി എഴുതിയ തിരക്കഥയാണ് റിപ്പോര്‍ട്ടെന്നും മുരളീധരന്‍ പറഞ്ഞു.