Press Club Vartha

തൃശ്ശൂര്‍ പൂരം കലക്കല്‍; തിരുവമ്പാടിക്കെതിരായ റിപ്പോര്‍ട്ടിനെ അനുകൂലിക്കില്ല; ഒന്നാം പ്രതി കലക്ടര്‍: വി.എസ് സുനില്‍ കുമാര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം കലക്കലില്‍ ഒന്നാം പ്രതി ജില്ലാ കലക്ടറാണെന്ന ആരോപണവുമായി മുന്‍മന്ത്രി വി.എസ് സുനില്‍ കുമാര്‍. പൂരം അലങ്കോലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം പൂരം നടത്തിപ്പിന്റെ ഉത്തരവാദിത്തമുള്ള കലക്ടര്‍ക്ക് ആണെന്നും അദ്ദേഹമാണ് ഒന്നാം പ്രതിയെന്നും സുനില്‍കുമാര്‍ ആരോപിച്ചു. പൊലീസിന് ക്ലീന്‍ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് സുനില്‍കുമാറിന്റെ പ്രതികരണം. സംഭവത്തില്‍ തിരുവമ്പാടി ദേവസ്വത്തെ പ്രതിചേര്‍ക്കുന്നതിനെ താന്‍ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ കളക്ടറായിരുന്ന വി ആര്‍ കൃഷ്ണ തേജയുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘വിഷയത്തില്‍ മൂന്ന് തട്ടിലുള്ള അന്വേഷണം നടന്നിട്ടുണ്ട്. ഇതിനൊപ്പം എഡിജിപി അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടും അടിസ്ഥാനമാക്കി സര്‍ക്കാര്‍ എന്ത് തീരുമാനം എടുക്കുമെന്നാണ് കാത്തിരിക്കുന്നത്. തിരുവമ്പാടി ദേവസ്വത്തെ ഇതില്‍ പ്രതിചേര്‍ക്കുന്നതിനെ അനുകൂലിക്കുന്നില്ല. ഒരു ദേവസ്വം പൂരം അലങ്കോലപ്പെടുത്തുമെന്ന് കരുതുന്നില്ല. എന്നാല്‍ ദേവസ്വത്തിനുള്ളിലെ ആരൊക്കെ ഇതിന് പിന്നിലുണ്ടെന്നത് വ്യക്തമാകണമെന്നും സുനില്‍ കുമാര്‍ പ്രതികരിച്ചു. പൂരം കലക്കലിലെ രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷിക്കണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കോഡ് ഓഫ് കണ്ടക്ട് നിലനില്‍ക്കുന്ന അവസരത്തില്‍ അന്ന് മന്ത്രിമാരോ എംഎല്‍എമാരോ പൂരം നടക്കുന്നിടത്തേക്ക് വരേണ്ടെന്നും പ്രശ്നങ്ങള്‍ താന്‍ പരിഹരിക്കുമെന്നുമുള്ള നിലപാടാണ് കളക്ടര്‍ സ്വീകരിച്ചതെന്നും പൂരം അലങ്കോലപ്പെടാനുള്ള എല്ലാ അവസരവും ഉണ്ടായത് അദ്ദേഹം മനഃപൂര്‍വം ഉണ്ടാക്കിയ നിസംഗതയാണെന്നും സുനില്‍കുമാര്‍ ആരോപിച്ചു.

പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളിയും തിരുവമ്പാടി ദേവസ്വത്തിന് നേര്‍ക്ക് ആരോപണം ഉയര്‍ത്തിയുമാണ് പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച് എഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ഏകപക്ഷീയമായ തീരുമാനങ്ങളാണ് തിരുവമ്പാടിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് കണ്ടെത്തല്‍. ദേവസ്വം അധികൃതര്‍ക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തണോ എന്ന് എഡിജിപി തല യോഗത്തിന് ശേഷം തീരുമാനിക്കും. അടുത്ത പൂരവും നിയമസഭ തെരഞ്ഞെടുപ്പും അടുത്തിരിക്കുന്നതിനാല്‍ റിപ്പോര്‍ട്ട് ഉടന്‍ ഹൈക്കോടതിയില്‍ നല്‍കില്ലെന്നാണ് വിവരം.

Share This Post
Exit mobile version