Press Club Vartha

ആത്മഹത്യ ചെയ്ത വ്‌ളോഗര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് വീട്ടിലെ കിടപ്പുമുറിയില്‍

കാസര്‍ഗോഡ്: ഒരാഴ്ച മുന്‍പ് ജീവനൊടുക്കിയ വ്‌ളോഗര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ചൗക്കി സ്വദേശി സന്ദേശ് എന്ന 29കാരനാണ് മരിച്ചത്. കൂഡുലു മന്നിപ്പാടിയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് സന്ദേശിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പൊലീസെത്തി പ്രാഥമിക പരിശോധനയ്ക്കു ശേഷം മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ഫെബ്രുവരി ഒന്‍പതിനാണ് ചിന്നു പാപ്പുവിനെ കുഡ്ലു ആസാദ് നഗറിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ആണ്‍സുഹൃത്തായ സന്ദേശിനെ കാസര്‍ഗോഡ് ടൗണ്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാളെ പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന ചിന്നു ഏറെനാളായി കാസര്‍ഗോഡ് ആസാദ് നഗറിലെ വാടക വീട്ടില്‍ സന്ദേശിനൊപ്പം കഴിയുകയായിരുന്നു.

സന്ദേശുമായുള്ള തര്‍ക്കങ്ങളാണ് ചിന്നുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നു ആരോപണമുയര്‍ന്നിരുന്നു. മരണത്തില്‍ ചിന്നുവിന്റെ കുടുംബവും ദുരൂഹത ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സന്ദേശിനെ പൊലീസ് ചോദ്യം ചെയ്തത്. ഈ അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പാണ് ഇപ്പോള്‍ സന്ദേശിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പര്‍ – 1056, 0471- 2552056)

Share This Post
Exit mobile version