Press Club Vartha

ശബരിമലയിലേക്ക് സ്വര്‍ണം സംഭാവന നല്‍കി; സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍; വിജിലന്‍സിന് മൊഴി നല്‍കി

തിരുവനന്തപുരം: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി സ്വര്‍ണം സംഭാവനയായി നല്‍കിയെന്ന് സ്ഥിരീകരിച്ച് സിനിമാതാരങ്ങളുടെ മൊഴി. കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് ലഭിച്ച സംഭാവനയെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക വിജിലന്‍സ് സംഘത്തിനാണ് താരങ്ങള്‍ മൊഴി നല്‍കിയത്. ഷാജി കൈലാസ്, സുരേഷ് കുമാര്‍, രഞ്ജി പണിക്കര്‍ എന്നിവര്‍ വിജിലന്‍സ് പ്രത്യേക സംഘത്തിന് മൊഴി നല്‍കി. വരും ദിവസങ്ങളില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളും മൊഴി നല്‍കിയേക്കുമെന്നാണ് വിവരം. ഇരുവരും മൊഴി നല്‍കാന്‍ വിജിലന്‍സ് സംഘത്തെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

നാണയങ്ങളായാണ് സ്വര്‍ണം സംഭാവന നല്‍കിയതെന്നാണ് താരങ്ങളുടെ മൊഴി. ദേവസ്വം രേഖകളില്‍ പരാമര്‍ശിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് സംഭാവന നല്‍കിയോ എന്നറിയാന്‍ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കാനും വിജിലന്‍സ് ആലോചിക്കുന്നുണ്ട്. സംഭാവന നല്‍കിയ ചിലര്‍ സ്വര്‍ണത്തിന്റെ കൃത്യമായ അളവുകള്‍ തെളിവുകള്‍ സഹിതം പറഞ്ഞുകൊടുത്തത് വിജിലന്‍സ് അന്വേഷണത്തില്‍ സഹായകരമാകും. എന്നാല്‍ മറ്റ് ചിലര്‍ സംഭാവന നല്‍കിയ സ്വര്‍ണത്തിന്റെ തൂക്കം ഓര്‍മയില്ലെന്നും പറയുന്നു.

27 പേര്‍ സ്വര്‍ണം സംഭാവന നല്‍കിയെന്നാണ് ദേവസ്വം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ കൂടൂതല്‍ പേര്‍ സംഭാവന നല്‍കിയോ എന്നറിയാനാണ് മാധ്യമങ്ങളിലൂടെ പരസ്യം നല്‍കാന്‍ വിജിലന്‍സ് നീക്കം നടത്തുന്നത്. സ്വര്‍ണം നല്‍കിയവര്‍ തെളിവുകളോടെ ഇത് വിജിലന്‍സ് സംഘത്തെ അറിയിക്കണം. തുടര്‍ന്ന് വിജിലന്‍സ് ഈ പേരുകള്‍ ദേവസ്വം രേഖകളുമായി ഒത്തുനോക്കും.

ഹൈക്കോടതിയുടെ അനുമതിക്ക് പിന്നാലെയാണ് കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് ലഭിച്ച സംഭാവനയില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് സംഘത്തെ രൂപീകരിച്ചത്. കൊടിമര പുനപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ദേവപ്രശ്നത്തിന്റെ രേഖകള്‍ ഉള്‍പ്പെടെ വിജിലന്‍സ് പരിശോധിച്ച് വരികയാണ്. 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

Share This Post
Exit mobile version