Press Club Vartha

പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കും; പാലക്കാടുമായി ആത്മബന്ധം; മത്സര സാധ്യത തള്ളാതെ കണ്ണന്‍ ഗോപിനാഥന്‍

പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിക്കാനുള്ള സന്നദ്ധത തള്ളാതെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. കുട്ടിക്കാലം മുതല്‍ പാലക്കാടുമായി ആത്മബന്ധമുണ്ട്. മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. എന്നാല്‍, ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും എന്നാല്‍, നിലവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കി.

പാര്‍ട്ടിയുടെ തീരുമാനമനുസരിച്ചാകും മത്സരിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുക. പാര്‍ട്ടി എന്താണോ പറയുന്നത് അതിനനുസരിച്ച് കൂടെയുണ്ടാകും. പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തില്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കണ്ണന്‍ ഗോപിനാഥന്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണം.

കോട്ടയം സ്വദേശിയായ കണ്ണന്‍ ഗോപിനാഥന്‍ 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ നിരന്തരം വിമര്‍ശനം ഉന്നയിച്ച അദ്ദേഹം പിന്നീട് സര്‍വീസില്‍ നിന്ന് രാജിവെച്ചു. 2025 ഒക്ടോബറിലാണ് കോണ്‍ഗ്രസ് അംഗത്വമെടുത്തത്. കഴിഞ്ഞ ദിവസം ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസിലും അദ്ദേഹം അംഗമായിരുന്നു.

Share This Post
Exit mobile version