Press Club Vartha

കേരളത്തില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികള്‍ പണിമുടക്കിലേക്ക്; സമരം ഊബറിന്റെ നയങ്ങള്‍ക്കെതിരെ

തിരുവനന്തപുരം: ഓണ്‍ലൈന്‍ ടാക്‌സി ഭീമന്‍മാരായ ഊബറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കേരളത്തില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളി സമരം. സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സി-ഗിഗ് തൊഴിലാളികള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ ആപ്പ് ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഊബര്‍ ഡ്രൈവര്‍മാര്‍ക്ക് പുറമെ സൊമാറ്റോ, സ്വിഗ്ഗി തൊഴിലാളികളും പണിമുടക്കില്‍ പങ്കുചേരും.

മിനിമം ടാക്സി നിരക്ക് പ്ലാറ്റ്‌ഫോമില്‍ നടപ്പിലാക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. പ്രതിദിന സബ്സ്‌ക്രിപ്ഷന്‍ തുക 165 എന്നത് കുറയ്ക്കണം, അക്കൗണ്ടുകള്‍ ഏകപക്ഷീയമായി ബ്ലോക്ക് ചെയ്യുന്നത് അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. പ്രതിഷേധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. സംഗമം പി സി വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 17 മുതല്‍ 19 വരെ മൂന്ന് ദിവസം ഊബര്‍ ആപ്പ് പൂര്‍ണമായും ഓഫ്‌ലൈന്‍ ആക്കുമെന്നും യാത്രാക്ലേശം ഒഴിവാക്കാന്‍ ‘കേരള സവാരി’ വഴി സര്‍വീസ് നടത്തുമെന്നും തൊഴിലാളികള്‍ അറിയിച്ചു.

Share This Post
Exit mobile version