Press Club Vartha

തിരുവനന്തപുരത്ത് സിസേറിയനിടെ ഗര്‍ഭസ്ഥശിശു മരിച്ചു; രക്ഷപ്പെടാന്‍ ശ്രമിച്ച ഡോക്ടറെ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ വന്‍ ചികിത്സാ പിഴവ്. സിസേറിയനിടെ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു. നെടുമങ്ങാട് വിതുര മണലി റോഡരികത്തുവീട്ടില്‍ രാമകൃഷ്ണന്‍കാണി-നിര്‍മല ദമ്പതികളുടെ മകള്‍ രഞ്ജനാകൃഷ്ണ(36)യുടെ കുഞ്ഞാണ് ഡോക്ടറുടെ അനാസ്ഥയെ തുടര്‍ന്ന് മരിച്ചത്. രഞ്ജനയുടെ ആദ്യ പ്രസവമായിരുന്നു ഇത്. എന്നാല്‍, സംഭവം മറച്ചു വച്ച് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഡോക്ടറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഡോ.ബിന്ദു സുന്ദറിനെതിരെ രണ്ടു പരാതികള്‍ കൂടി ഡിഎംഒയ്ക്ക് ലഭിച്ചിട്ടുണ്ട്.

അഞ്ചുമാസമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിന്റെ ചികിത്സയിലായിരുന്നു രഞ്ജന. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്ക് പ്രസവത്തിനായി പ്രവേശിപ്പിച്ച രഞ്ജനയ്ക്ക് ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞപ്പോള്‍ സിസേറിയന്‍ വേണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. ഉടന്‍തന്നെ ഓപ്പറേഷന്‍ തിയറ്ററിലേക്കു മാറ്റി. അരമണിക്കൂറിനുള്ളില്‍ സിസേറിയന്‍ നടന്നുവെന്നും കുഞ്ഞ് മരിച്ചുപോയെന്നും ഡോക്ടര്‍ അറിയിച്ചു. നവജാതശിശുവിന്റെ തലയ്ക്ക് വലുപ്പം കൂടുതലുള്ളതുകൊണ്ടാണ് മരിച്ചുപോയതെന്നാണ് രഞ്ജനയുടെ രക്ഷിതാക്കളോട് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍, അഞ്ചുമാസമായി സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയിട്ടും ഈ വിവരം ഡോക്ടര്‍ക്കു മനസ്സിലായില്ലേയെന്നാണ് ഭര്‍ത്താവ് വിനില്‍ മനോഹര്‍ ചോദിക്കുന്നത്.

ഡോ.ബിന്ദു സുന്ദറിനെതിരെ ഉയരുന്ന ആദ്യത്തെ പരാതിയല്ല ഇതെന്നാണ് വിവരം. ഒരുമാസം മുന്‍പ് ഇതേ ഡോക്ടര്‍ പ്രസവശസ്ത്രക്രിയ നടത്തിയ വിതുര പട്ടന്‍കുളിച്ചപാറ സ്വദേശിനി ഹസ്‌നാ ഫാത്തിമയ്ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് സംഭവിച്ചത്. പ്രസവാനന്തര ശസ്ത്രക്രിയക്കിടെ എപിസിറ്റോമി ഇടുന്നതിനിടെ മലദ്വാരത്തില്‍ രണ്ടിഞ്ച് മുറിവുവന്നതിനാല്‍ മാസങ്ങളായി ഹസ്‌നാ ഫാത്തിമ മലമൂത്രവിസര്‍ജനത്തിന് പ്ലാസ്റ്റിക് ബാഗുമായി ജീവിക്കേണ്ട അവസ്ഥയിലാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും നല്‍കിയ പരാതിയില്‍ തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് പുതിയ സംഭവം.

എസ്എടി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ കാരണങ്ങള്‍ കണ്ടെത്താനാവൂ. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. റീന ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചതായും ആരോഗ്യവകുപ്പ് ഡയറക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു.

Share This Post
Exit mobile version