
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രണ്ടര വയസ്സുകാരി കുത്തിവെയ്പ്പ് എടുത്തതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിതാവ്. രണ്ട് കുത്തിവയ്പ്പുകള്‍ എടുത്തതിനു ശേഷമാണ് കുട്ടിയുടെ നില വഷളായതെന്നും ആംബുലന്‍സില്‍ കുട്ടിക്കൊപ്പം കയറാന്‍ പോലും ഡോക്ടര്‍മാര്‍ സമ്മതിച്ചില്ലെന്നും കുട്ടിയുടെ പിതാവ് സിദ്ദിഖ് പറഞ്ഞു. കുത്തിവയ്പ്പ് എടുക്കുന്നതു വരെ ഐഷ ഫാത്തിമ ആരോഗ്യവതിയായിരുന്നെന്നും കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെയാണ് കുഴഞ്ഞുവീണതെന്നും സിദ്ദിഖ് പറയുന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് ആര്യനാട്ടെ മമല്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചത്. കണ്ണില്‍ തടിപ്പും ശ്വാസതടസവുമായിരുന്നു അസുഖം. ഉടന്‍ തന്നെ നെബുലൈസേഷന്‍ നല്‍കി. നെബുലൈസേഷന്‍ കഴിഞ്ഞ് നന്നായി ഇരിക്കുന്നതിനിടയില്‍ വെള്ളം ചോദിച്ചെങ്കിലും കുത്തിവെപ്പ് എടുത്തിട്ട് കൊടുക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആദ്യം ഒരു കുത്തിവയ്പ്പ് എടുത്തു, പിന്നാലെ മറ്റൊന്നും. ഇതോടെ കുഞ്ഞ് ആദ്യം മുഖം ഒരു വശത്തേക്ക് കോടുകയും ശേഷം ശ്വാസം ആഞ്ഞുവലിച്ച് കുഴഞ്ഞു വീഴുകയുമായിരുന്നെന്ന് സിദ്ദിഖ് പറയുന്നു.
ഉടന്‍ തന്നെ ഡോക്ടര്‍ സിപിആര്‍ ഒക്കെ കൊടുത്ത് രക്ഷിതാക്കളെ പുറത്ത് നിര്‍ത്തി. തന്റെ മാതാവ് ഒച്ചവച്ചപ്പോഴാണ് കുഞ്ഞിനെ കാണാന്‍ അനുവദിച്ചത്. പെട്ടെന്ന് തന്നെ അവരുടെ തന്നെ ആംബുലന്‍സില്‍ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. തങ്ങളോട് ഒന്നും പറയാതെയാണ് കൊണ്ടുപോയത്. എന്നെയും ഭാര്യയെയും ആംബുലന്‍സില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. കുഞ്ഞ് അപ്പോള്‍ത്തന്നെ മരിച്ചിട്ടുണ്ടാകും, അതു മറയ്ക്കാനാവാം അങ്ങനെ ചെയ്തതെന്നും സിദ്ദിഖ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ച് അര മണിക്കൂറോളം അവിടെ മരുന്നുകള്‍ നല്‍കി. കുഞ്ഞ് മരിച്ചുകഴിഞ്ഞാണ് എത്തിച്ചതെന്ന് അതിനിടയ്ക്ക് അവിടത്തെ ഡോക്ടര്‍മാര്‍ പറഞ്ഞറിഞ്ഞു. പന്ത്രണ്ടര ആയപ്പോഴേക്കേും മരണം സ്ഥിരീകരിക്കുകയും ചെയ്തു.
നില വഷളായതിനു ശേഷം മുക്കാല്‍ മണിക്കൂറോളം മമല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തങ്ങളോടു ഒന്നും പറയാതെ സമയം കളഞ്ഞതാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്നും സിദ്ദിഖ് ആരോപിക്കുന്നു. അലര്‍ജി ടെസ്റ്റ് പോലും ചെയ്യാതെയാണ് അഡ്രിനാലിന്‍ കുത്തിവയ്പ്പ് എടുത്തതെന്നും സിദ്ദിഖ് പറയുന്നു. ഡോക്ടര്‍ പറഞ്ഞത് പോലെ കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ലെന്നും ആശുപത്രിയില്‍ വച്ച് ഡോക്ടര്‍ അങ്ങനെ ഒരു കാര്യം പറഞ്ഞില്ലെന്നും സിദ്ദിഖ് പറഞ്ഞു.
അതേ സമയം, കുട്ടിക്ക് ജീവന്‍രക്ഷാ മരുന്നുകളാണു നല്‍കിയതെന്നും ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. ശ്വാസം മുട്ടലിനു ചികിത്സ തേടിയാണ് 11.38ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. നെബുലൈസേഷന്‍ വിത്ത് ബ്യുഡികോര്‍ട്ട് ആണ് നല്‍കിയത്. പിന്നിട് കുട്ടി കുഴഞ്ഞുവീഴുകയും ഹൃദയമിടിപ്പ് കുറയുകയും ചെയ്തപ്പോള്‍ അഡ്രിനാലിന്‍ കുത്തിവയ്പു നല്‍കി. ഈ രണ്ടു മരുന്നുകളും ഒരിക്കലും കുട്ടിയുടെ മരണത്തിന് ഇടയാക്കില്ല. നാലഞ്ചു ദിവസം മുന്‍പ് കുട്ടിക്കു മുഖത്തു നീര് കാരണം മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അപ്പോള്‍ കൊടുത്ത മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലമാകാം നില വഷളായതെന്നും സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു.